കോഴിക്കോട്: യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങൾ രാഷ്ട്രീയ വിരോധം തീർക്കുന്നതിനും പകപോക്കുന്നതിനും ഉപയോഗിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് നാറാത്ത് കേസിലെ ഹൈക്കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തും ഇപ്പോൾ എൽ.ഡി.എഫും സ്വീകരിച്ച് വരുന്നത് ഈ നയം തന്നെയാണ്. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തവരെ കള്ളക്കേസിൽ കുടുക്കിയും യു.എ.പി.എ ചുമത്തിയും ജയിലിലടച്ചും ഇല്ലായ്മ ചെയ്യാമെന്നെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി.

എഴുത്തുകാരൻ കമൽ.സി. ചാവറയെ രാജ്യദ്രോഹ കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കുകയും പ്രതിഷേധത്തെ തുടർന്ന് വിട്ടയച്ചതിന് പിന്നാലെ അദ്ദേഹത്തെ സഹായിച്ചുവെന്ന പേരിൽ ബാലുശ്ശേരി സ്വദേശിയായ നദീറിനെ അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാർഹമാണ്. ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കേരള പൊലീസ് സംഘപരിവാരിന് കീഴൊതുങ്ങിയിരിക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

പൊലീസിനെ കയറൂരി വിടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പെറ്റിക്കേസു ചുമത്തുന്നത് പോലെ യു.എ.പി.എ കരിനിയമം ചുമത്തുന്ന പൊലീസ് നടപടി നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. പൊലീസിന്റെ അമിതാധികാര പ്രയോഗത്തിനെതിരെ വി എസ് അച്യുതാനന്ദന് പോലും രംഗത്ത് വരേണ്ടിവന്നു എന്നത് സിപിഎമ്മിന്റെയും പിണറായിയുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.

അധഃസ്ഥിത പിന്നാക്ക ജനവിഭാഗങ്ങളുടെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാൻ ലോക്കപ്പ് മർദ്ദനവും ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഭീകര നിയമങ്ങളുടെ ദുരുപയോഗവും നയമായി സ്വീകരിക്കുന്ന സർക്കാരിനുള്ള മറുപടിയാണ് ഹൈക്കോടതി വിധിയെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി