കോട്ടയം: വെമുലയുടെ ആത്മ സമർപ്പണം ബ്രാഹ്്മണ ഫാഷിസ്റ്റ് വിരുദ്ധ അന്തർധാരയെ ശക്തിപ്പെടുത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി. രോഹിത് വെമുലയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ രോഹിത് വെമുല ആത്മസമർപ്പണത്തിന്റെ ഓർമദിനം എന്ന പേരിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി കോട്ടയത്തു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെമുല ഉയർത്തിയ തീജ്വാല രാജ്യ സ്നേഹികളുടെ മനസ്സുകളിൽ അലയടിക്കുകയാണ്. വരും നാളുകളിൽ രാജ്യത്തുണ്ടാകുന്ന ജനാധിപത്യ മുന്നേറ്റത്തിന് ജീവത്യാഗം ചെയ്ത ഒന്നാമത്തെ വ്യക്തിയായി വെമുലയെ ചരിത്രം രേഖപ്പെടുത്തും.

ഏകശിലാ രാഷ്ട്രം സ്ഥാപിക്കുന്നതിന് വിമർശന ശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്ക് വെമുലയുടെ ഓർമകൾ പേടി സ്വപ്നമായി അവശേഷിക്കുകയാണ്. രാജ്യത്ത് ഇന്ന് സംഘപരിവാറല്ല മോദിപരിവാറാണ് നിലനിൽക്കുന്നത്. ബിജെപി അധികാരത്തിൽ എത്തിയതോടെ പാർട്ടിയിലെ ആഭ്യന്തര ജനാധിപത്യം അവസാനിച്ചിരിക്കുന്നു. മോദിയിലും ചുരുക്കം ചില നേതാക്കളുമായി ജനാധിപത്യം ചുരുങ്ങിയിരിക്കുകയാണ്. കോർപറേറ്റ് പിന്തുണയോടെ ഇന്ത്യയുടെ കടിഞ്ഞാൺ പിടിച്ചുവയ്ക്കാനാണ് മോദി ശ്രമിക്കുന്നത്. ആർഎസ്എസും നിശബ്ദരായി കുമ്പിട്ടു നിൽക്കുന്ന ചില ബിജെപി നേതാക്കളും കുത്തക മുതലാളിമാരുമാണ് മോദിക്കു പിന്തുണ. രാജ്യത്ത് വരാനിരിക്കുന്നത് ഏറ്റവും ഭയാനകരമായ ദിനങ്ങളാണ്.

ഉത്തരേന്ത്യൻ മോഡൽ വർഗീയ വൽക്കരണ ശ്രമങ്ങൾ കേരളത്തിലും വർധിച്ചുവരികയാണ്. പിണറായിയുടെ പൊലീസ് മോദിസത്തിനു കൂട്ടുനിൽക്കുന്നു. എതിർശബ്ദങ്ങളെ അടിച്ചൊതുക്കുന്ന മോദിയുടെ ഭീകര നിലപാടിനെതിരേ ശബ്ദമുയർത്തേണ്ട സിപിഐ(എം) അവർക്ക് സഹായ നിലപാട് അവംലംബിക്കുകയാണ്. പൗരന്മാരുടെ നിഷ്‌ക്രിയത്വമാണ് രാജ്യത്ത് ജനാധിപത്യത്തിന് ഭീഷണിയായി നിൽക്കുന്നത്. ജനങ്ങൾ നിഷ്്ക്രിയരായി എന്തു ത്യാഗവും സഹിക്കാൻ സന്നദ്ധമാണെന്നു തെളിയിക്കുകയായിരുന്നു നോട്ടുനിരോധനത്തിലൂടെ. സംസ്ഥാനത്ത് പിണറായി അധികാരത്തിലെത്തിയതോടെ ജനാധിപത്യം അസ്തമിച്ചുവെന്നതിന്റെ തെളിവാണ് നിലമ്പൂർ കൂട്ടക്കൊലയെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി എം കെ മനോജ്കുമാർ അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരൻ കമൽ സി ചവറ, ഡോക്യുമെന്ററി സംവിധായകൻ രൂപേഷ്‌കുമാർ, ചലച്ചിത്ര സംവിധായകൻ സൂര്യദേവ്, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്, എസ്ഡിപിഐ സംസ്ഥാന വൈ. പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാൻ, ജില്ലാ പ്രസിഡന്റ് പി എ അഫ്സൽ സംസാരിച്ചു.


ഹിന്ദുത്വ ഫാഷിസത്തെ പിടിച്ചുകെട്ടാനുള്ള ഊർജ്ജമാണ് രോഹിത് വെമുല: സണ്ണി എം കപിക്കാട്

കോട്ടയം: ജാതി വിവേചനവും അതിക്രമങ്ങളും നടത്തി അരങ്ങുവാഴുന്ന ഹിന്ദുത്വ ഫാഷിസത്തെ പിടിച്ചു കെട്ടാനുള്ള ഊർജ്ജമാണ് രോഹിത് വെമുലയുടെ ആത്മസമർപ്പണത്തിലൂടെ അടിസ്ഥാന ജനതയ്ക്കു സമ്മാനിക്കുന്നതെന്നു എഴുത്തുകാരനും ദലിത് ചിന്തകനുമായ സണ്ണി എം കപിക്കാട്. രോഹിത് വെമുലയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ രോഹിത് വെമുല ആത്മസമർപ്പണത്തിന്റെ ഓർമദിനം എന്ന പേരിൽ എസ്ഡിപിഐ കോട്ടയത്തു സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമൂഹം ജാതി വിവേചനത്തിന്റെ കേന്ദ്രമാണെന്ന ചരിത്രസാക്ഷ്യമാണ് വെമുല മുന്നോട്ടുവയ്ക്കുന്നത്. ഫാഷിസത്തെ പിടിച്ചുകെട്ടാതെ ജനാധിപത്യത്തിന് പ്രസക്തിയില്ല. വ്യാജ ചരിത്രനിർമ്മിതിയിലൂടെ രാജ്യത്തിന്റെ ശത്രുവും ശാപവും മുസ്്ലിംകളാണെന്നു വരുത്താനും മുസ്്ലിംകളെ അപരവൽക്കരിച്ച് ശത്രുപക്ഷത്തു നിർത്തി ദലിതുകളും ആദിവാസികളും ഉൾപ്പെടുന്ന അടിസ്ഥാനജനതയെ കൂടെ നിർത്തി ജാതിവ്യവസ്ഥയും ബ്രാഹ്മണാധിപത്യവും സ്ഥാപിച്ചെടുക്കാനാണ് ഹിന്ദുത്വർ ശ്രമിക്കുന്നത്. ഈ ഭീഷണികൾക്കെതിരേ സാമൂഹിക ജനാധിപത്യത്തിലും നീതിയിലുമധിഷ്ഠിതമായ മുന്നേറ്റങ്ങൾ ഉണ്ടാവണം. കേരളത്തിൽ ഫാഷിസത്തിന്റെ രൂപം മാർക്സിസമോ മോദിസമോ ആയാലും അതിനെ ജനാധിപത്യവാദികൾ പരാജയപ്പെടുത്തണം. ഫാഷിസത്തിന്റെ വേരുകളായ ആദർശങ്ങളെയും മിത്തുകളെയും തിരസ്‌കരിക്കാൻ സോഷ്യലിസ്റ്റുകൾക്കുപോലും സാധിക്കുന്നില്ല. അതേസമയം ഹിന്ദുത്വ ഫാഷിസത്തെ പ്രതിരോധിക്കാൻ അക്കാദമികൾ മാത്രമല്ല രാജ്യത്തെ തെരുവുകൾ പോലും പാകമായി വരുന്നു എന്ന യാഥാർഥ്യത്തിലേയ്ക്കാണ് കാലം നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രാഹ്മണ ഫാഷിസമാണ് രാജ്യം നേരിടുന്ന യഥാർഥ ഭീഷണിയെന്ന് സിഡിഎൻ സെക്രട്ടറി ലൂക്കോസ് നീലംപേരൂർ പറഞ്ഞു. അംബേദ്കറെയും അയ്യങ്കാളിയെയും തങ്ങളുടേതാക്കി ദലിത് ജനതയെ കൂടെ നിർത്തി അധികാരം നിലനിർത്താനാണ് ബ്രാഹ്മിണസം ശ്രമിക്കുന്നത്. നോട്ട് നിരോധനത്തിലൂടെ വിചാരധാരയിൽ -വ്യക്തമാക്കുന്നതുപോലെ ആഭ്യന്തര ശത്രുക്കളായ മുസ്്ലിംകളെയും കൃസ്ത്യാനികളെയും നിർജ്ജീവമാക്കാമെന്നാണ് മോദി കണക്കുകൂട്ടിയത്. അതോടെ ഫാഷിസ്റ്റ് അതിക്രമങ്ങൾക്കെതിരായ ചെറുത്തുനിൽപ്പുകളെ തടഞ്ഞുനിർത്താമെന്നു മോദി വ്യാമോഹിച്ചു.

നോട്ട് നിരോധനത്തിലൂടെ ദലിതുകളും ആദിവാസികളും ഉൾപ്പെടുന്ന കോടിക്കണക്കായ പാർശ്വൽകൃത ജനവിഭാഗം പട്ടിണിയിലായിരിക്കുകയാണ്. ജനങ്ങളുടെ ശത്രുവാണ് മോദിയെന്ന് ഇതോടെ അദ്ദേഹം തന്നെ തെളിയിച്ചിരിക്കുകയാണെന്നും ലൂക്കോസ് കൂട്ടിച്ചേർത്തു. അതിജീവനത്തിന്റെ ഉണർത്തുപാട്ടുകളായ കവിതകളിലൂടെ അടിസ്ഥാന ജനതയുടെ തിരിച്ചറിവിന് കരുത്തുപാകി കവിയും തിരക്കഥാകൃത്തുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ സദസ്സിനെ ആവേശഭരിതരാക്കി. സമ്മേളനത്തിൽ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയി അറയ്ക്കൽ, കോട്ടയം ജില്ലാ ജന. സെക്രട്ടറി ഷെമീർ അലിയാർ, പ്രവാസി ഫോറം സംസ്ഥാന വൈ. പ്രസിഡന്റ് വി എം സുലൈമാൻ മൗലവി, ഒർണ കൃഷ്ണൻ കുട്ടി, ജോൺസൺ നെല്ലിക്കുന്ന്, കരകുളം സത്യകുമാർ, അനുരാജ് തിരുമേനി സംസാരിച്ചു. കലാവിരുന്നും വേദിയിൽ അരങ്ങേറി.