തിരുവനന്തപുരം: ലോ അക്കാദമിയിൽ നീതിക്കുവേണ്ടി സമരം ചെയ്യുന്ന വിദ്യാർത്ഥി സമൂഹത്തെ ചോരയിൽ മുക്കിക്കൊല്ലുന്ന സർക്കാർ നിലപാട് അനുവദിക്കാനാവില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്്മൽ ഇസ്്മായിൽ. ലോ അക്കാദമിക്ക് മുന്നിൽ സംയുക്ത വിദ്യാർത്ഥി മുന്നണിയുടെ നേതൃത്വത്തിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെയും, വട്ടിയൂർക്കാവ് എംഎ‍ൽഎ കെ. മുരളീധരൻ നടത്തുന്ന സമരപ്പന്തലും സന്ദർശിച്ച് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുതരമായ വിദ്യാർത്ഥി പീഡനവും വിദ്യാഭ്യാസ ചട്ടലംഘനവും നടത്തിയ പ്രിൻസിപ്പൽ ലക്ഷ്്മി നായർക്കെതിരേയും ലോ അക്കാദമി അധികൃതർക്കെതിരെയും ശക്തമായ നടപടിയെടുക്കാൻ ഇടതുപക്ഷ സർക്കാർ അമാന്തം കാണിക്കുകയാണ്. പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് സമരത്തിൽ നിന്ന് പിന്മാറിയതിലൂടെ എസ്.എഫ്.ഐയും സിപിഎമ്മും വിദ്യാർത്ഥി സമൂഹത്തെ ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണ്.

കോളജിൽ തെളിവെടുപ്പ് നടത്തിയ സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി ലക്ഷ്്മി നായർ നടത്തിയ ഗൗരവതരമായ നിയമലംഘനങ്ങളെക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് സമർപ്പിച്ചതാണ്. മാത്രമല്ല ലക്ഷ്മി നായരുടെയും ലോ അക്കാദമി മാനേജ്മെന്റിന്റെയും സവർണ മനോഭാവവും വംശീയ വിദ്വേഷം നിറഞ്ഞ സമീപനവുമാണ് പ്രശ്നങ്ങൾ ഇത്രയും രൂക്ഷമാക്കിയത്. ദലിത് ന്യൂനപക്ഷ വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് അപഹാസ്യമാണ്.

പ്രതിപക്ഷത്തിരുന്നപ്പോൾ നിസ്സാര വിഷയങ്ങൾക്ക് പോലും വിദ്യാർത്ഥികളെ തെരുവിലിറക്കി അക്രമസമരത്തിലൂടെ രാഷ്്ട്രീയ ലാഭം കൊയ്തവർ, തങ്ങൾ അധികാരത്തിലെത്തിയപ്പോൾ അസഹിഷ്ണുതയോട് കൂടി വിദ്യാർത്ഥി സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലുന്നത് നീതികരിക്കാനാവില്ല. പിണറായി സർക്കാരിന്റെ ഇത്തരം ജനവിരുദ്ധനയങ്ങൾക്കെതിരേ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരേണ്ടതുണ്ട്. ലോ അക്കാദമി സർക്കാർ ഏറ്റെടുക്കാൻ തയ്യാറാവണമെന്നും സമരം എത്രയും പെട്ടെന്ന് ഒത്തുതീർപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അജ്്മൽ ഇസ്്മായീൽ ആവശ്യപ്പെട്ടു.

എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ. ഇബ്രാഹീം മൗലവി, ജില്ലാ സെക്രട്ടറി ഷബീർ ആസാദ്, ജില്ലാ കമ്മിറ്റി അംഗം മാഹീൻ പരുത്തിക്കുഴി, പ്രവാസി ഫോറം കേരള നേതാക്കളായ പ്രാവച്ചമ്പലം അഷ്റഫ്, അബ്ദുൽ സലാം പനവൂർ, എസ്.ഡി.ടി.യു നേതാക്കളായ ജലീൽ കരമന, സലീം ചാല, മീരാ സാഹിബ്, ഷിബു ബാലരാമപുരം, സുബൈർ, സജീവ് പൂന്തുറ എന്നിവരും സമരപ്പന്തൽ സന്ദർശിക്കാനുണ്ടായിരുന്നു.