കോഴിക്കോട് : അഴിമതി കേസിൽ ശശികലക്കും അന്തരിച്ച ജയലളിതക്കുമെതിരെ വിചാരണ കോടതിയുടെ ശിക്ഷ ശരിവച്ച സുപ്രീംകോടതി വിധി ജനാധിപത്യ സംവിധാനത്തിന് ശക്തി പകരുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു.

ജനപ്രതിനിധികളെ റിസോർട്ടിലടച്ച് തമിഴ്‌നാട്ടിൽ ജനാധിപത്യ വധം തുടരുന്ന സന്ദർഭത്തിൽ അധികാരം കൊതിച്ച് ഇതിനെല്ലാം നേതൃത്വം നൽകിയ വ്യക്തിക്കുണ്ടായ തിരിച്ചടി ഗുണകരമാണ്. അധികാരത്തിന്റെ തിണ്ണബലത്തിൽ പൊതുമുതൽ കട്ടുമുടിച്ച് സുഖലോലുപരായി കഴിയാമെന്ന് കരുതുന്നവർക്ക് താക്കീതാണിത്.

അതോടൊപ്പം വിചാരണ കോടതി വിധിച്ച നൂറു കോടി പിഴ പത്ത് കോടിയാക്കി കുറച്ചതും 1996ൽ ചാർജ്ജ് ചെയ്ത കേസിൽ അന്തിമ വിധിക്ക് ഇരുപത് വർഷത്തെ സമയദൈർഘ്യമെടുത്തതും അഴിമതി കേസുകളെ ദുർബ്ബലപ്പെടുത്തുന്ന ഘടകങ്ങളാണ്. പൊതുപ്രവർത്തനത്തിലും ഭരണരംഗത്തും അഴിമതി തുടച്ചുമാറ്റുന്നതിന് കടുത്ത നിയമങ്ങളുണ്ടാക്കുന്നതിനും മുഖംനോക്കാതെ അത് പ്രയോഗിക്കുന്നതിനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.