തിരുവനന്തപുരം: തനിക്ക് ശരിയെന്നു തോന്നിയ മത വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും പിണറായി നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നാളെ (മാർച്ച് 15 ബുധൻ) എസ്.ഡി.പി.ഐ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി പി.കെ ഉസ്മാൻ അറിയിച്ചു.

കൊല്ലപ്പെട്ടവർക്ക് സർക്കാർ സഹായം നൽകുന്ന കീയ്വയക്കമില്ലെന്നും അതുകൊണ്ട് ഫൈസലിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകാനാവില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഫൈസൽ കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘർഷത്തിന്റെ പേരിലോ വർഗ്ഗീയ സംഘട്ടനത്തിന്റെ പേരിലോ അല്ല. ഭരണഘടനനാപരമായി ഒരു പൗരന്റെ മൗലികാവകാശമായ ഇഷ്ടമുള്ള വിശ്വാസം സ്വീകരിച്ചതിന്റെ പേരിലാണ് ആർ.എസ്.എസുകാർ അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

നിരാലംബരായ കുടുംബത്തെ സഹായിക്കുക എന്ന ജനാധിപത്യ സർക്കാരിന്റെ ബാധ്യത ഇടതുപക്ഷ ഗവൺമെന്റ് ഏറ്റെടുക്കണം. കൊല്ലപ്പെടുന്നത് ന്യൂനപക്ഷ സമുദായങ്ങളാകുമ്പോൾ ഈ നിലപാടിൽ മാറ്റം വരുന്നത് അംഗീകരിക്കാനാവില്ല. ഫൈസലിന്റെ കൊലപാതകത്തോടെ അനാഥമായ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന മാർച്ചിന് മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികൾ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാവിലെ 10.30 ന് പ്രസ്‌ക്ലബ് പരിസരത്ത് നിന്ന് തുടങ്ങുന്ന മാർച്ചിന് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.കെ മനോജ്കുമാർ, അജ്മൽ ഇസ്മായിൽ വൈസ് പ്രസിഡന്റുമാരായ തുളസീധരൻ പള്ളിക്കൽ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, സെക്രട്ടറിമാരായ റോയ് അറക്കൽ, പി.കെ ഉസ്മാൻ എന്നിവർ നേതൃത്വം നൽകും.