കോഴിക്കോട് : ജനവാസ മേഖലകളിലൂടെ കടന്നുപോകുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കെതിരേ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ നടത്തുന്ന ജനകീയ സമരങ്ങളെ അടിച്ചമർത്തുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യാമോഹമാണെന്നും എസ്.ഡി.പി.ഐ ജനപക്ഷത്ത് നിലയുറപ്പിച്ച പാർട്ടിയാണെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ ചെയ്തതെന്നും എസ്.ഡി.പി.ഐ ജനറൽ സെക്രട്ടറി അജ്്മൽ ഇസ്്മായിൽ.

ജനങ്ങളുടെ ജീവിതത്തിന് കടുത്ത ഭീഷണി ഉയർത്തുന്ന ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരേ സ്വാഭാവികമായും ജനങ്ങളിൽ നിന്ന് ഉയരുന്ന സംശയങ്ങൾക്കു പോലും കൃത്യമായ മറുപടി നൽകാൻ സർക്കാരിനോ ഗെയിൽ ഉദ്യോഗസ്ഥർക്കോ സാധിക്കുന്നില്ല. കേരളത്തിലെ ഇന്ധനക്ഷാമത്തിനും സാമ്പത്തിക പുരോഗതിക്കും കാരണമാകുമെന്ന് പറയുന്ന ഗെയിൽ പദ്ധതി ഒട്ടും സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അടുത്തിടെ സീമാന്ധ്രയിൽ നടന്നതടക്കമുള്ള പൈപ്പ് ലൈൻ പൊട്ടിത്തെറിയെ കുറിച്ച് മൗനം പാലിക്കുകയാണ്.

ജനവാസ കേന്ദ്രമല്ലാതിരുന്നിട്ടും 19 പേർ സീമാന്ധ്രയിൽ മരണപ്പെട്ടു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇത്തരം സ്ഫോടനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. അതിനാൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുക സ്വാഭാവികമാണ്.
നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ ഫലമായി പൊലീസ് പീഡനങ്ങൾക്ക് വിധേയനായ മുഖ്യമന്ത്രിയിൽ നിന്ന് ഇങ്ങനെയൊരു പ്രസ്താവന വരാൻ പാടില്ലായിരുന്നു. ശക്തമായ സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന പുതുതലമുറയെ പൊലീസിനെ ഉപയോഗിച്ച് കൊണ്ട് പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നത് മുഖ്യമന്ത്രി ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.