തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷപാതപരമായി പെരുമാറരുതെന്നും പൗരന്മാരോട് വിവേചനം കാണിക്കരുതെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ. കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിനെ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് നഷ്്ടപരിഹാരം നൽകാൻ കീഴ്‌വഴക്കമില്ലെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി രണ്ടാം മാറാട് കേസിൽ കൊല ചെയ്യപ്പെട്ട ആർ.എസ്.എസ്സുകാർക്കും നാദാപുരത്തെ ഷിബിനും കണ്ണൂരിലെ പുഷ്പനും നഷ്ടപരിഹാരം നൽകിയത് ഏത് കീഴ്‌വഴക്കത്തിന്റെ അടിസ്ഥാനത്തിലെന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കളവ് പറഞ്ഞ് മുഖ്യമന്ത്രി മുഖ്യമന്ത്രി കേരള ജനതയെ കബളിപ്പിക്കുകയാണെന്നും ഫൈസലിന്റെ ഘാതകർക്ക് പെട്ടെന്ന് ജാമ്യം ലഭിക്കാൻ അനുകൂല നിലപാട് സ്വീകരിച്ച സർക്കാർ കുടുംബത്തിന് നഷ്ടപരിഹാരം നിഷേധിക്കുന്നത് സംഘി മനസ്സുകളെ സന്തോഷിപ്പിച്ച് തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനാണെന്നും തുടർന്ന് സംസാരിച്ച മൂവ്വാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കി. സി.പി.എം ഒരു ഭാഗത്ത് വരുന്ന രാഷ്്ട്രീയ സംഘർഷങ്ങൾ നാദാപുരത്തും താനൂരുമാകുമ്പോൾ കലാപത്തിന്റെ സ്വഭാവം കൈവരിക്കുന്നത് എന്തുകൊണ്ടാണെന്ന് സി.പി.എം ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി അജ്്മൽ ഇസ്്മായീൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.കെ. ഉസ്മാൻ, റോയ് അറക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. രാവിലെ 11 മണിക്ക് പ്രസ് ക്ലബ്ബ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിന് സംസ്ഥാന സമിതിയംഗം എ.കെ. സലാഹുദ്ദീൻ, ജില്ലാ ഭാരവാഹികളായ കുന്നിൽ ഷാജഹാൻ, ജലീൽ കടയ്ക്കൽ, അൻസാരി ഏനാത്ത് എന്നിവർ നേതൃത്വം നൽകി.