പുത്തനത്താണി: തങ്ങൾക്കെതിരായ ജനഹിതത്തെ മറികടക്കാൻ ബിജെപി വോട്ടിങ് യന്ത്രങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി എം.കെ ഫൈസി. പുത്തനത്താണി മലബാർ ഹൗസിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിൽ നിന്നും ഇപ്പോൾ മധ്യപ്രദേശിൽ നിന്നും വോട്ടിങ് യന്ത്രത്തിൽ കൃത്രിമത്വം കാണിച്ചതിന്റെ വാർത്തകളാണ് പുറത്തുവന്ന കൊണ്ടിരിക്കുന്നത്. പൗരന്മാർക്ക് ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന ഗുരുതരമായ പ്രവർത്തനം നടന്നിട്ടും പ്രതിപക്ഷ കക്ഷികൾ മൗനം തുടരുകയാണ്.

രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തേണ്ട വേദിയായ പാർലമെന്റിൽ പോലും ഹാജരാകാത്ത പ്രധാനമന്ത്രി ഏകാധിപതിയുടെ രീതിയാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ വൈകാരിക പ്രകടനങ്ങൾക്കുള്ള വേദി മാത്രമായി പാർലമെന്റ് മാറി. രാജ്യത്തിന്റെ മഹനീയ മൂല്യങ്ങളെ തിരിച്ചു പിടിക്കാനും ജനാധിപത്യം കയ്യേറ്റം ചെയ്യപ്പെടാതിരിക്കാനും പൗരന്മാർ ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും എം.കെ ഫൈസി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ.കെ.എം അഷ്റഫ്, ജനറൽ സെക്രട്ടറിമാരായ എം.കെ മനോജ്കുമാർ, അജ്മൽ ഇസ്മായിൽ, വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ, സെക്രട്ടറിമാരായ പി.കെ ഉസ്മാൻ, റോയ് അറക്കൽ, എ.കെ അബ്ദുൽ മജീദ്, കെ.കെ റൈഹാനത്ത് ടീച്ചർ എന്നിവർ സംസാരിച്ചു