കോട്ടക്കൽ : സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിക്കുന്നത് രാജ്യത്തിനെതിരായ നീക്കമായി ചിത്രീകരിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി എം.കെ. ഫൈസി. ''ഭീകരതയുടെ രാഷ്്ട്രീയത്തിനെതിരേ ഐക്യപ്പെടുക'' എന്ന ദേശീയ കാംപയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടക്കലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചിരിക്കുന്നു. എഴുത്തുകാരും ചിന്തകരും കൊല ചെയ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ ഹിന്ദുത്വഫാഷിസത്തിന്റെ അപകടങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനാണ് ഇത്തരമൊരു കാംപയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

വോട്ടിങ് യന്ത്രങ്ങളിൽ വരെ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ തന്നെ അപഹസിക്കുകയും അതിവൈകാരികതയിൽ ജനങ്ങളെ തളച്ചിട്ട് രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയുമാണ് നരേന്ദ്രമോദി ചെയ്യുന്നത്. പശുവിന് കൊടുക്കുന്ന പ്രാധാന്യം ഇന്ത്യയിലെ ഗ്രാമങ്ങളിൽ കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്ന കർഷകർക്ക് നൽകാൻ ഹിന്ദുത്വ ശക്തികൾ തയ്യാറാകുന്നില്ല. ഈ കിരാത വാഴ്ചക്കെതിരെ രാജ്യസ്നേഹികളുടെ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. മൗലാനാ ഉസ്മാൻ ബേഗ്, ബാംഗ്ലൂർ (ദേശീയ സമിതിയംഗം), അഷ്റഫ് മൗലവി മുവ്വാറ്റുപുഴ (സംസ്ഥാന വൈസ് പ്രസിഡന്റ്), തുളസീധരൻ പള്ളിക്കൽ (സംസ്ഥാന വൈസ് പ്രസിഡന്റ്), എം.കെ. മനോജ്കുമാർ (സംസ്ഥാന ജനറൽ സെക്രട്ടറി), എ.കെ അബ്ദുൽ മജീദ് (സംസ്ഥാന സെക്രട്ടറി), ജലീൽ നീലാമ്പ്ര (മലപ്പുറം ജില്ലാ പ്രസിഡന്റ്) എന്നിവർ സംസാരിച്ചു. അജ്മൽ ഇസ്മായിൽ (സംസ്ഥാന ജനറൽ സെക്രട്ടറി), റോയ് അറക്കൽ (സംസ്ഥാന സെക്രട്ടറി), പി.കെ. ഉസ്മാൻ (സംസ്ഥാന സെക്രട്ടറി), പി. അബ്ദുൽ ഹമീദ് (സംസ്ഥാന സെക്രട്ടറിയേറ്റംഗം), വി.ടി ഇക്റാമുൽ ഹഖ് (സംസ്ഥാന സമിതിയംഗം), സിപിഎ. ലത്തീഫ് (സംസ്ഥാന സമിതിയംഗം) തുടങ്ങിയവർ സംബന്ധിച്ചു