തിരുവനന്തപുരം: ''എൽ.ഡി.എഫ് വന്നു; ഒന്നും ശരിയായില്ല'' എന്ന പ്രമേയമുയർത്തി എസ്.ഡി.പി.ഐ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ ധർണ്ണ ഇന്ന് (മെയ് 25 വ്യാഴം) നടക്കും. രാവിലെ 10.30ന് സെക്രട്ടറിയേറ്റ് പരിസരത്താണ് ധർണ്ണ.

ഏറെ പ്രതീക്ഷയോടെ ജനങ്ങൾ അധികാരത്തിലേറ്റിയ എൽ.ഡി.എഫ് സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ കോർപ്പറേറ്റ് ദാസ്യത്തിന്റെയും വിവേചനത്തിന്റെയും ജനവിരുദ്ധനയങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു. എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം നല്കിയവർ ആദ്യവർഷം കടുത്ത നിരാശയും ദുരിതവുമാണ് ജനങ്ങൾക്ക് നൽകിയത്. സർക്കാരിന്റെ ആദ്യഘട്ടത്തിൽ തന്നെ മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കി ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് തടയിട്ടു.

മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ആക്ഷേപമുന്നയിച്ചത് ഭരണ മുന്നണിയിലെ തന്നെ പ്രധാനപ്പെട്ട പാർട്ടിയുടെ സെക്രട്ടറി തന്നെയാണ്. സംസ്ഥാനത്ത് കലാപം നടത്താൻ ലക്ഷ്യമിട്ട് നടത്തിയ കൊലപാതകങ്ങൾ, ആസൂത്രണം ചെയ്ത ആർ.എസ്.എസ്സിനോട് ആഭ്യന്തര വകുപ്പിന്റെ മൃദുസമീപനവും ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഏറെ പ്രതിഷേധത്തിനിടയാക്കി. പിള്ളയോടും മാണിയോടുമുള്ള സമീപനം സി.പി.എം അഴിമതി വിരുദ്ധത കാപട്യമാണെന്ന് തെളിഞ്ഞു. ഇത്തരം ജനവിരുദ്ധനയങ്ങൾക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണം.

ധർണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.കെ. മനോജ്കുമാർ, അജ്മൽ ഇസ്മായിൽ, വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, സെക്രട്ടറിമാരായ റോയ് അറക്കൽ, പി.കെ. ഉസ്മാൻ, എസ്.ഡി.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുൽഹമീദ്, വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ.റൈഹാനത്ത്, എസ്.ഡി.പി.ഐ തിരുവവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുൽ സലാം, ജനറൽ സെക്രട്ടറി കുന്നിൽ ഷാജഹാൻ എന്നിവർ പങ്കെടുക്കും.