കോഴിക്കോട്: എല്ലാ തരം കന്നുകാലികളെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ട് ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ഏകമുഖ സംസ്‌കാരത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനുള്ള നീക്കത്തെ ചെറുക്കാൻ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി അഭ്യർത്ഥിച്ചു. ഇന്ത്യയുടെ ബഹുസ്വരത തകർക്കാനുള്ള ആർ.എസ്.എസ് നീക്കത്തിന്റെ ഭാഗമായ നിരോധനം കേരളത്തിൽ നടപ്പാക്കുകയില്ലെന്ന നിലപാടിൽ ഇടത് സർക്കാർ ഉറച്ച് നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം ജനാധിപത്യ സംവിധാനത്തിന്മേലുള്ള അതിര് വിട്ട കയ്യേറ്റമാണ്. കേവലം 31 ശതമാനം വോട്ടിന്റെ ബലത്തിലാണ് ഫാസിസ്റ്റുകൾ രാജ്യത്തിന്റെ ആഭ്യന്തര ഘടനയെ അപകടത്തിലാക്കുന്ന തരത്തിൽ അധികാര ദുർവിനിയോഗം നടത്തുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുകയും ജനങ്ങൾക്ക് പോഷകാഹാരം തടയുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ ജനവിരുദ്ധമാണ്.

മാട്ടിറച്ചി വ്യാപാരത്തിലൂടെ ഉപജീവനം കഴിയുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന സർക്കാർ തീരുമാനം പിൻവലിക്കുന്നില്ലെങ്കിൽ ജനങ്ങളെ തെരുവിലി റക്കിയുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും മുന്നിട്ടിറങ്ങുമെന്നും മജീദ് ഫൈസി പറഞ്ഞു.