കോഴിക്കോട്: ഇസ്ലാം മതം സ്വീകരിച്ച ഹാദിയക്ക് നീതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ഏകോപന സമിതി തിങ്കളാഴ്ച നടത്തുന്ന ഹൈക്കോടതി മാർച്ച് വൻ വിജയമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അഭ്യർത്ഥിച്ചു.

തനിക്കിഷ്ടപ്പെട്ട മുസ്ലിം യുവാവിനെ വരനായി സ്വീകരിച്ച ഡോ.ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത് മാതാപിതാക്കളുടെ കൂടെ നിർബന്ധിച്ചയച്ച നടപടി മനുഷ്യത്വമില്ലാത്ത ക്രൂരതയാണ്. മോദി ഭരണത്തിൽ കന്നുകാലികൾക്ക് ലഭിക്കുന്ന നിയമ പരിരക്ഷ പോലും മുസ്ലിംകൾക്കും,ദലിതുകൾക്കും നിഷേധിക്കപ്പെടുമ്പോൾ ജീവരക്ഷക്കായി അവർ സ്വയം പ്രതിരോധത്തിന്റെ വഴികൾ അന്വേഷിക്കേണ്ടി വരുമോയെന്ന് മജീദ് ഫൈസി ചോദിച്ചു.

ഒരിക്കൽ ഹേബിയസ് കോർപ്പസ് ഹരജി തീർപ്പാക്കി കോടതി സ്വന്തം ഇഷ്ടത്തിന് വിട്ട ഹാദിയയുടെ പേരിൽ വീണ്ടും പിതാവ് കോടതിയിലെത്തിയതിലെ ദുരൂഹത വർധിപ്പിക്കുന്ന നീക്കങ്ങളാണ് പിന്നീടുണ്ടായത്. കോടതി നടപടി പൂർത്തിയാകും വരെ ഹാദിയയെ ഒരു ഹോസ്റ്റലിൽ താമസിപ്പിക്കാൻ ഉത്തരവിട്ട കോടതി മാതാപിതാക്കളല്ലാത്തവർക്ക് പെൺകുട്ടിയോട് സംസാരിക്കാൻ അനുമതി നിഷേധിച്ചു.

മൂന്ന് മാസത്തെ ഈ കസ്റ്റഡിക്ക് ശേഷവും ഇഷ്ടപ്പെട്ട മതത്തെയും വരനെയും ഉപേക്ഷിക്കാൻ ഹാദിയ തയ്യാറാകാതിരുന്നപ്പോഴാണ് ബലമായി പിതാവിന് പിടിച്ച് കൊടുക്കാൻ കോടതി ഉത്തരവിട്ടത്. ആർ.എസ്.എസ് ന്റെ ഘർവാപസിക്ക് സമാനമായ പ്രവർത്തനമാണ് ദൗർഭാഗ്യവശാൽ ചില ജസ്റ്റിസുമാരിൽ നിന്നുണ്ടായത്.

വിവാഹം കഴിക്കാതെ പോലും സ്ത്രീ പുരുഷന്മാർക്ക് ഒന്നിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുള്ള രാജ്യത്ത് ഈ അവകാശം ഇസ്ലാമിലേക്ക് മതം മാറിയ ഒരു സ്ത്രീക്ക് മാത്രം നിഷേധിക്കുന്നതും മനസ്സ് കൊണ്ടിണങ്ങിയ വരനെ ഉപേക്ഷിക്കാൻ കൽപന കൊടുക്കുന്നതും എങ്ങിനെയാണ് ന്യായവും പ്രായോഗികവുമാവുക. കോടതി വിധി നടപ്പാക്കാൻ പൊലീസിന് ബലപ്രയോഗം നടത്തേണ്ടി വന്നത് ഈ ഉത്തരവിനെതിരെ ഉയർന്ന വിമർശനങ്ങളെ ശരിവെക്കുന്നതാണ്.

എല്ലാതരം പീഡനങ്ങളും തടയാൻ ബാധ്യതപ്പെട്ട കോടതി മുഖേന ഹാദിയക്ക് മാനസികവും ശാരീരികവുമായി കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. കേരളത്തിൽ ഇന്നേവരെയുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും ഗുരുതരമായ നീതി നിഷേധം ഒരു സ്ത്രീ അനുഭവിക്കേണ്ടി വന്നിട്ടും ഉണരാത്ത ഫെമിനിസ്റ്റുകളുടെയും രാഷ്ട്രീയ നേതാക്കളുടെയും വർഗ്ഗീയ മുഖം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്നും മജീദ് ഫൈസി ചൂണ്ടിക്കാട്ടി.

രാജ്യത്ത് അരക്ഷിത ബോധം ശക്തിപ്പെടുന്നതിനിടയിൽ മുസ്ലിം ,ദലിത് ജനവിഭാഗങ്ങൾക്ക് നിയമ പരിരക്ഷയും ആത്മവിശ്വാസവും നൽകി സംരക്ഷിക്കേണ്ടവർ വേട്ടക്കാരുടെ വേഷമിടുന്നത് അത്യന്തം പരിതാപകരമാണ്. അടിമത്വത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ ഏറ്റവുമധികം ത്യാഗം സഹിച്ച മുസ്ലിംകൾക്കും പിന്നാക്ക ജനവിഭാഗങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും. ഇത് സംരക്ഷിക്കാനായി നടക്കുന്ന മുഴുവൻ ജനാധിപത്യ പ്രക്ഷോഭങ്ങൾക്കും പാർട്ടി പിന്തുണ പ്രഖ്യാപിക്കുന്നതായി അബ്ദുൽ മജീദ് ഫൈസി അറിയിച്ചു.