കോഴിക്കോട്: ഹാദിയ എന്ന യുവതിക്കുണ്ടായ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാർച്ചിനെ അതിക്രൂരമായി നേരിട്ട പൊലീസ് നടപടിയെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അപലപിച്ചു. റംസാൻ വ്രതം പോലും പരിഗണിക്കാതെയാണ് നിരവധി പേർക്ക് മാരകമായി പരിക്കേൽക്കുന്ന വിധം പൊലീസ് സമരക്കാരെ നേരിട്ടത്.

ഇസ്ലാം ആശ്ലേഷിച്ച് തനിക്കിഷ്ടപ്പെട്ട ഒരു മുസ്ലിം യുവാവിനെ വരനായി സ്വീകരിച്ച ഹാദിയയുടെ വിവാഹം അസാധുവാക്കി പിതാവിന്റെ കൂടെ നിർബന്ധിച്ചയച്ച കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ പ്രതിഷേധം ശക്തമാവുക സ്വാഭാവികമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഹാദിയക്ക് രണ്ട് ജസ്റ്റിസുമാരിൽ നിന്ന് നേരിടേണ്ടി വന്നിരിക്കുന്നത്.

നീതി ഉറപ്പ് വരുത്തേണ്ട കേന്ദ്രങ്ങളിൽ നിന്ന് തന്നെ അത് പച്ചയായി നിഷേധിക്കപ്പെടുമ്പോൾ തെരുവിലിറങ്ങി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യാവകാശമാണ്. അതിനെ അഭിമുഖീകരിക്കാനുള്ള സഹിഷ്ണുതയാണ് പൊലീസ് കാണിക്കേണ്ടത്. സമരക്കാരെ മാരകമായി പരിക്കേൽപ്പിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.