കോഴിക്കോട്: സംസ്ഥാനത്ത് ബാറുകൾ, ബിയർ-വൈൻ പാർലറുകൾ എന്നിവ ആരംഭിക്കു ന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ എൻ.ഒ.സി വേണമെന്ന വ്യവസ്ഥ ഓർഡിനൻസിലൂടെ എടുത്തുകളഞ്ഞത് ഇടതു സർക്കാരിനെ മദ്യലോബികൾ വിലയ്ക്കെടുത്തതിന്റെ തെളിവാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

കേരളത്തിൽ മദ്യശാലകളുടെ വർധന തടയുന്നതിൽ പ്രധാന പങ്ക് വഹിച്ചത് തദ്ദേശ സ്ഥാപനങ്ങൾ ക്കുണ്ടായിരുന്ന ഈ അധികാരമാണ്. ഇനി എക്സൈസ് വകുപ്പിന്റെ മാത്രം അനുമതിയിൽ സംസ്ഥാനത്ത് വ്യാപകമായി മദ്യശാലകൾ ആരംഭിക്കാനാകും. സംസ്ഥാനത്തെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിവിടുന്ന ഈ തീരുമാനത്തിൽ നിന്നും ഇടതു സർക്കാർ പിന്മാറണം. ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിന് കാണിക്കാത്ത ജാഗ്രതയും ആവേശവുമാണ് ഇടതു സർക്കാർ മദ്യമൊഴുക്കാൻ കാണിക്കുന്നത്.

പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചു പൂട്ടിയപ്പോൾ സംഭവിച്ച ഗുണപരമായ മാറ്റങ്ങൾക്കു നേരെ സർക്കാർ ബോധപൂർവ്വം കണ്ണടക്കുകയാണ്. ഇടതുപക്ഷത്തെ പിന്തുണച്ച സ്ത്രീകളടക്കമുള്ള ജനലക്ഷങ്ങളുടെ താൽപര്യങ്ങളെ മറികടന്ന് മദ്യ മുതലാളിമാർക്ക് വേണ്ടി നിലകൊള്ളുകയാണ് സർക്കാർ. കുടുംബത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, ജനറൽ സെക്രട്ടറിമാരായ എം.കെ മനോജ്കുമാർ, അജ്മൽ ഇസ്മായിൽ സെക്രട്ടറിമാരായ റോയ് അറക്കൽ, പി.കെ ഉസ്മാൻ എന്നിവർ പങ്കെടുത്തു.