കോഴിക്കോട്: സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്ത സംഭവം അതിര് വിട്ട ആർ എസ് എസ് ഭീകരതയാണെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ പ്രസ്താവിച്ചു . എതിർ ശബ്ദങ്ങളെ ഏത് വിധേനയും ഇല്ലാതാക്കാനുള്ള ആർ എസ് എസ് അജണ്ടയിൽ നിന്ന് പാർലമെന്റിൽ പ്രാതിനിധ്യമുള്ള പാർട്ടികൾക്ക് പോലും രക്ഷയില്ലെന്നതിന്റെ തെളിവാണ് യെച്ചൂരിക്കെതിരായ ആക്രമണം.

കേന്ദ്ര ഭരണ ത്തിന്റെ തണലിലാണ് ഭാരത ഹിന്ദു മുന്നണിയുടെയും ഗോരക്ഷാ സേനയുടെയും പേരിൽ ആർ. എസ്. എസ് കേഡർമാർ അക്രമങ്ങൾ വ്യാപിപ്പിച്ച് കൊണ്ടിരിക്കുന്നത്. രാജ്യ സഭാ എംപിയായിരുന്നിട്ട് പോലും യെച്ചൂരിക്കെതിരായ അതിക്രമത്തെ അപലപിക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രി അക്രമിക്കൂട്ടങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ്. ഭരണ നേതൃത്വവും ഭരിക്കുന്ന പാർട്ടിയും അരക്ഷിതാവസ്ഥ വളർത്തുന്നതിന് നേരിട്ട് നേതൃത്വവും പ്രോൽസാഹനവും നൽകുന്ന അവസ്ഥയാണ് ഇന്ത്യയിൽ സംജാതമായിരിക്കുന്നത്.

രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുന്ന സംഘ് പരിവാറിനെതിരെ ഇരകളുടെ ഐക്യം പ്രായോഗികമാക്കുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.