കോഴിക്കോട്: കാസർഗോഡ് റിയാസ് മൗലവി വധത്തിന്റെ ഗൂഢാലോചനയിൽ നിന്ന് പിണറായി സർക്കാർ ആർ.എസ്.എസ് നേതാക്കളെ രക്ഷപ്പെടുത്തുന്നുവെന്ന ആരോപണം കുറ്റപത്രം സമർപ്പിച്ചതോടെ തെളിഞ്ഞിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു.

കാസർഗോഡ് ജില്ലയിൽ വർഗീയ കലാപമുണ്ടാക്കാനുദ്ദേശിച്ച് ഒരു മസ്ജിദിനകത്ത് കയറി നടത്തിയ കൊലപാതകം കൃത്യം ചെയ്തവരെന്ന നിലയിൽ പിടികൂടിയ മൂന്ന് പേർ മാത്രം ആസൂത്രണം ചെയ്തതാണെന്ന വാദം ബാലിശമാണ്. അവരിൽ രണ്ട് പേർ ഇരുപത് വയസ്സിന് താഴെയുള്ളവരാണെന്നതും കേസ് ദുർബ്ബലമാക്കാനുള്ള ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സർക്കാർ നിയോഗിച്ച മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘം സംഭവത്തിലെ ഉന്നതതല ഗൂഢാലോചനയെ മറച്ച് വെക്കുന്ന ഗൂഢ സംഘമായി മാറുകയാണുണ്ടായത്. കർണാടകക്കാരനായ ഒരു ബിജെപി എം പി ചൂരി പ്രദേശത്ത് നടത്തിയ പ്രസംഗം കൊലപാതകത്തിന് പ്രചോദനമായി മാറിയെന്നും ഈ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത സിഡിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്നും വാർത്തകളിൽ വന്നിരുന്നതാണ്. എന്നാൽ സി.ഡി എഡിറ്റ് ചെയ്തതിന്റെ പിന്നിലുള്ള ദുരുദ്ദേശത്തെ വിലയിരുത്തുവാനോ ഒറിജിനൽ സി.ഡി കണ്ടെത്തുവാനോ അന്വേഷണ സംഘത്തിന് സാധിച്ചില്ല.

കേസ് അട്ടിമറിക്കാൻ വേണ്ടിയാണ് ജില്ലക്ക് പുറത്ത് നിന്നുള്ളവരെ മാത്രം ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്ന സംശയവും ഇതോടെ ബലപ്പെട്ടിരിക്കുകയാണ്. അധികാരവും കയ്യൂക്കുമുള്ളവർക്ക് വേണ്ടി കുന്തം ചെരിച്ചിട്ട് അളക്കുന്ന രീതി പൊലീസധികാരികൾ തിരുത്തിയില്ലെങ്കിൽ നാട്ടിൽ സമാധാനം മരീചികയായി മാറും. കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തിൽ പെട്ട് വർഗ്ഗീയ കൊലകൾക്ക് നേതൃത്വം നൽകുന്നവർക്ക് നേരെ കണ്ണടക്കുന്ന പിണറായി വിജയൻ ഉത്തരവാദിത്തത്തോട് വഞ്ചന കാട്ടുന്നത് അവസാനിപ്പിക്കണമെന്നും ആർ.എസ്.എസിനെതിരായ നിലപാടിൽ ആത്മാർത്ഥത കാണിക്കാൻ സി പി എം തയ്യാറാകണമെന്നും അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു.