കോഴിക്കോട് : കള്ളനോട്ടടിച്ച കേസിൽ അറസ്റ്റിലായ ബിജെപി കയ്പമംഗലം മണ്ഡലം നേതാക്കൾക്ക് പാർട്ടിയുടെ സംസ്ഥാന നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും 100 കോടി രൂപയുടെ പഴയ നോട്ടുകൾ ബിജെപിയുടെ സംസ്ഥാന നേതാവിന്റെ സഹായത്തോടെ മാറ്റിക്കൊടുത്തതിനെക്കുറിച്ചും പൊലീസ് നിശ്ശബ്ദമാവുന്നത് ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ.

ബിജെപി പ്രവർത്തകർ പ്രതികളാവുന്ന കേസിൽ പൊലീസ് സ്വീകരിക്കുന്ന മൃദുസമീപനം തന്നെയാവുമോ ഈ രാജ്യദ്രോഹ കേസിലും സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നോട്ടുനിരോധനം നടപ്പിലാക്കിയ സമയത്ത് ജനങ്ങൾക്ക് ബാങ്കിൽ നിന്ന് ലഭിക്കുന്ന കാശിന് പരിധി നിശ്ചയിച്ച സമയത്താണ് നൂറു കോടിയോളം രൂപ സ്വകാര്യ ബാങ്കുകൾ വഴി മാറ്റിയെടുത്തത്. സംഭവത്തിന്റെ ഉന്നതതല ബന്ധം അന്വേഷിക്കാതെ പൊലീസ് പ്രതികളുമായി ഷോപ്പുകൾ കയറിയിറങ്ങുകയാണ്.

രാഗേഷിന്റെ കൂട്ടുപ്രതിയായ സഹോദരൻ രാജീവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന സംഘപരിവാർ വിധേയത്വം തുടരാനാണ് ഭാവമെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി പാർട്ടി മുന്നോട്ടുവരുമെന്നും കള്ളനോട്ടടി കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഉന്നതതല അന്വേഷണം നടത്തണമെന്നും പി.കെ. ഉസ്മാൻ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.