മൂന്നാർ ഭൂമി വിഷയത്തിൽ വാദപ്രതിവാദങ്ങൾ ഒഴിവാക്കി അനധികൃത കൈയേറ്റക്കാരിൽ നിന്നും ഭൂമി പിടിച്ചെടുക്കുന്നതിനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഇടതുപക്ഷ സർക്കാരിന് ആർജ്ജവം കാണിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ ആവശ്യപ്പെട്ടു.

മൂന്നാറിലെ സർക്കാർ ഭൂമി വിഷയം എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും കാമധേനുവിന്റെ ഗുണം ചെയ്യുന്നുണ്ട്. രാഷ്ട്രീയക്കാരും അവരുടെ ബിനാമികളും സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്ത് ഹെക്ടർ കണക്കിന് ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

ഇടതുപക്ഷ സർക്കാരിൽ ഏറ്റവും കൂടുതൽ കാലം റവന്യൂ വകുപ്പ് ഭരിച്ച സിപിഐക്ക് മൂന്നാർ ഭൂമി വിഷയത്തിൽ നിന്നും മാറിനിൽക്കാൻ ധാർമ്മികമായി കഴിയില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സിപിഐയും റവന്യൂ മന്ത്രിയും പങ്കെടുക്കുന്നില്ലായെന്ന നിലപാട് അപഹാസ്യമാണ്.

2012 ഫെബ്രുവരി 28-ന് മൂന്നാറിലെ അനധികൃത ഭൂമി രണ്ട് മാസത്തിനകം ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാത്തതിന് ഇരുമുന്നണികൾക്കും പങ്കുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥർ നിയമം നടപ്പിലാക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ അവർക്കെതിരെ അസഭ്യങ്ങൾ ചൊരിഞ്ഞും ഭീഷണി മുഴക്കിയും തിണ്ണമിടുക്ക് കാണിക്കുന്ന നാട്ടിൽ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചാലും പ്രത്യേകിച്ചൊരു നടപടിയും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.