കോഴിക്കോട്: സുപ്രീം കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ നടപ്പിലാക്കാതെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരെ സമരത്തിലേക്ക് തള്ളിവിട്ട ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് മാറി നിൽക്കാനാവില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള അടിസ്ഥാന ശമ്പളമോ, 2013 ൽ സർക്കാർ നിശ്ചയിച്ച ശമ്പളം പോലുമോ നഴ്സുമാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സർക്കാരിന് സാധിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. സംസ്ഥാന സർക്കാർ നിശ്ചയിച്ച ശമ്പളം 80 ശതമാനം സ്വകാര്യ ആശുപത്രികൾ ഇപ്പോഴും നഴ്സുമാർക്ക് നൽകുന്നില്ലെന്ന ലേബർ കമ്മീഷണറുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അത്തരം സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മുന്നോട്ട് വരണം. മെച്ചപ്പെട്ട വേതനത്തിനും മാന്യമായ തൊഴിൽ സാഹചര്യത്തിനും വേണ്ടി നഴ്സുമാർ നടത്തുന്ന സമരത്തെ പൊതുസമൂഹം പിന്തുണക്കണമെന്ന് സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ എം.കെ മനോജ്കുമാർ, അജ്മൽ ഇസ്മായിൽ, സെക്രട്ടറിമാരായ റോയ് അറക്കൽ പി.കെ ഉസ്മാൻ എന്നിവർ സംസാരിച്ചു.