കോഴിക്കോട്: ബിജെപി കേരള നേതാക്കൾ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ഉടമയിൽ നിന്ന് കോഴ വാങ്ങിയതായി പാർട്ടിതല അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ ബിജെപിയുടെ കപട ദേശസ്നേഹത്തിന്റെ മുഖാവരണം അഴിഞ്ഞ് വീണിരിക്കുകയാണെന്നും, സംസ്ഥാന ഘടകം പിരിച്ച് വിട്ട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ ബിജെപി നേതൃത്വം സന്നദ്ധരാകണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു.

കേന്ദ്ര ഭരണം ഉപയോഗപ്പെടുത്തി ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. കൊടുങ്ങല്ലൂരിൽ ബിജെപി നേതാക്കൾ നടത്തിയിരുന്ന കള്ളനോട്ടടിയും കള്ളപ്പണം വെളുപ്പിക്കലും പുറത്ത് വന്നിട്ട് അധികകാലമായിട്ടില്ല. മെഡിക്കൽ കോളേജ് അനുവദിച്ച് കിട്ടുന്നതിന് അഞ്ചരക്കോടി രൂപ വാങ്ങിയതിന് പുറമെ അത് ഡൽഹിയിലെത്തിക്കുന്നതിന് ഹവാല മാർഗ്ഗം അവലംബിച്ചതും മറ്റൊരു സാമ്പത്തിക തട്ടിപ്പാണ്.

കേന്ദ്ര നേതാക്കളുടെ ഉറപ്പിന്മേലല്ലാതെ ഇത്ര വലിയ തുകക്ക് കോളേജ് വാഗ്ദാനം നൽകാൻ സംസ്ഥാന നേതാക്കൾക്ക് കഴിയില്ല. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഫണ്ട് സ്വരൂപിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ അനുവാദത്തോടെയാണ് ഈ കോഴ ഇടപാടുകളെന്ന് സംശയിക്കേണ്ടിരിക്കുന്നു. അതിനാൽ ഈ ഇടപാടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുമ്പോട്ട് വെച്ച സിബിഐ അന്വേഷണം പോലും നിശ്പക്ഷമാകുമെന്ന് പ്രതീക്ഷയില്ല.

സ്വകാര്യ മെഡിക്കൽ കോളേജുകൾ നടത്തുന്ന സ്വാശ്രയ കൊള്ളകൾക്കെതിരെയും അഴിമതിക്കെതിരെയും സംസാരിക്കാനുള്ള അർഹത ബിജെപി ക്ക് ഇതോടെ നഷ്ടമായിരിക്കുകയാണ്. സർവ്വായുധങ്ങളും നഷ്ടപ്പെട്ട ബിജെപി ക്ക് കളം വിട്ട് പോകാൻ സമയമായെന്നും മജീദ് ഫൈസി പറഞ്ഞു.