തിരുവനന്തപുരം: 'ഇന്ത്യയെ തല്ലികൊല്ലുന്നത് തടയുക' എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ ഓഗസ്റ്റ് 1 മുതൽ 25 വരെ നടത്തുന്ന ദേശീയ കാംപയിന്റെ സംസ്ഥാന തലഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്ത് നടത്തുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ് കുമാർ അറിയിച്ചു. ഗോ രക്ഷയുടെ പേരിൽ രാജ്യത്താകമാനം നടത്തികൊണ്ടിരിക്കുന്ന അരാജകത്വത്തിനും കൊലപാതകങ്ങൾക്കുമെതിരേ ജനങ്ങളെ ബോധവൽക്കരിക്കുകയും ഒന്നിപ്പിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് കാംപയിന്റെ ലക്ഷ്യം.

ആർ.എസ്.എസ്, ബിജെപി പിന്തുണയോടെ 29 നിരപരാധികളെയാണ് ഗോ രക്ഷയുടെ പേരിൽ തല്ലികൊന്നത്. ഇതിൽ 23 ആളുകൾ മുസ്ലിംഗളും ബാക്കിയുള്ളവർ ദലിതരുമായിരുന്നു. നൂറുകണക്കിനാളുകളെ ക്രൂരമായി തല്ലിച്ചതച്ച് അവശനിലയിലാക്കി. മിക്ക സംഭവങ്ങളിലും അവരുടെ ലക്ഷ്യം മുസ്ലിംഗളായിരുന്നു എന്നത് കണക്കുകൾ സൂചിപ്പിക്കുന്നു. നാം സുരക്ഷിതമെന്ന് കരുതിയ കേരളത്തിലേക്കും അക്രമങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ് സംഘപരിവാരം.

കൊടിഞ്ഞി ഫൈസലിന്റെയും റിയാസ് മൗലവിയുടെയും കൊലപാതകങ്ങളും ആറ്റിങ്ങലിലും എറണാകുളം ജില്ലയിലും ഗോ രക്ഷയുടെ പേരിൽ നടത്തിയ അക്രമ സംഭവങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. രാജ്യമൊട്ടുക്കും അക്രമോൽസുകരായ ആൾക്കൂട്ടം അടിച്ചുകൊല്ലുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നു.എന്നിട്ടും കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരുകൾ ഇതു തടയാൻ ഒന്നും ചെയ്തിട്ടില്ല. രാജ്യത്തെ പൗരന്മാരായ മുസ്ലിംഗൾക്കും ദലിതുകൾക്കും സുരക്ഷയൊരുക്കാൻ ഭരണകൂടത്തിന് താല്പര്യമില്ലാത്ത സ്ഥിതിക്ക് ഇരകൾ അക്രമികളെ സ്വയം പ്രതിരോധിക്കേണ്ട സാഹചര്യത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.

കാംപയിന്റെ ഭാഗമായി ജില്ലാതല ജനകീയ പ്രതിരോധ സംഗമങ്ങൾ, റാലികൾ, പൊതുസമ്മേളനങ്ങൾ, പഞ്ചായത്ത് തല പ്രതിഷേധ കൂട്ടായ്മകൾ, കാൽനട പ്രചരണ ജാഥകൾ, ഗൃഹ സന്ദർശനം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഓൺലൈൻ പരാതി സമർപ്പിക്കൽ തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും.

ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 4:30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ബഹുജന റാലി ആരംഭിക്കും. തുടർന്നു തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനം ദേശീയ ജനറൽ സെക്രട്ടറി എം കെ ഫൈസി നിർവഹിക്കും. സംസ്ഥാന പ്രസിഡണ്ട് പി.അബ്ദുൽ മജീദ് ഫൈസി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കുമെന്നും മനോജ് കുമാർ അറിയിച്ചു.