കോഴിക്കോട്: അടുക്കള വരെ എത്തിനിൽക്കുന്ന ആർ.എസ്.എസ് ഭീകരതക്കെതിരെ ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തുന്നതിന് ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ഈദ് സന്ദേശത്തിൽ പറഞ്ഞു. ഇബ്രാഹീം പ്രവാചകനെ തീ കുണ്ഠത്തിലേക്കെറിഞ്ഞ ഏകാധിപതിയായ ഭരണാധികാരി നംറൂദിനെയാണ് നരേന്ദ്ര മോദിയുടെ ഭരണം അനുസ്മരിപ്പിക്കുന്നത്. എന്നാൽ ഭരണകൂട ഭീകരതയെ ധീരമായി നേരിട്ട ഇബ്റാഹീമിന് മുമ്പിൽ തീ കുണ്ഠം സുഖശീതളമായി മാറിയത് ഇരകൾക്ക് ആത്മവിശ്വാസം നൽകുന്ന ചരിത്രമാണ്.

മനുഷ്യ ജീവനും ഇന്ത്യൻ ഭരണഘടനക്കും പുല്ല് വില കൽപ്പിക്കാത്തവർ അധികാരത്തിന്റെ എല്ലാ കുഞ്ചിക സ്ഥാനങ്ങളിലും ഇരുപ്പുറപ്പിച്ച വർത്തമാന ഇന്ത്യ നേരിടുന്ന പ്രതിസന്ധി നിസ്സാരല്ല. മതസൗഹാർദ്ദവും മാനവിക ഐക്യവും ദുർബ്ബലമായി കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങളുടെ ഏകപക്ഷീയമായ കീഴടങ്ങൽ ഇന്നുവരെ അക്രമികളുടെ മനസ്സലിയിച്ചിട്ടില്ല. തെരുവിൽ ക്രൂരമായ തല്ലി കൊലക്ക് വിധേയരാകുന്നവർക്ക് സംരക്ഷണമൊരുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളടക്കം പരാജയപ്പെടുന്നു. ഫാഷിസ്റ്റ് പ്രതിരോധം വാക്കുകളിലൊതുങ്ങേണ്ടതല്ലെന്നും ഇരകളുടെ ഉള്ള് തുറന്ന യോജിപ്പിന് നേതൃപദവിയിലുള്ളവർ മാതൃക കാണിക്കണമെന്നും അബ്ദുൽ മജീദ് ഫൈസി അഭ്യർത്ഥിച്ചു.