കേരളത്തിലെ മതേതര എഴുത്തുകാർക്ക് ഗൗരി ലങ്കേഷിന്റെ ഗതിവരുമെന്ന് വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ 153 A വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ പ്രസ്താവിച്ചു. പറവൂരിൽ വിസ്ഡം പ്രവർത്തകരെ ആർ.എസ്.എസ് ആക്രമിച്ച സംഭവത്തിനു ശേഷം വീണ്ടും മതസ്പർദ്ദ ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കേരളത്തിലെ സാംസ്‌കാരിക പ്രവർത്തകരേയും സംഘപരിവാർ വിരുദ്ധ നിലപാടെടുക്കുന്ന മാധ്യമ പ്രവർത്തകരെയും ലക്ഷ്യം വച്ച് വിവാദ പ്രസ്താവന നടത്തിയത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സംഘപരിവാരം ഏറ്റെടുക്കുന്നതിന് സമാനമാണ് ശശികലയുടെ പരസ്യ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്. ജനാധിപത്യത്തോടും നീതിന്യായ സംവിധാനത്തോടുമുള്ള വെല്ലുവിളിയും ഗുരുതരമായ ക്രിമിനൽ കുറ്റവുമാണ് ഇത്. മുമ്പ് സംസ്ഥാന വ്യാപകമായി വിദ്വേഷ പ്രസംഗം നടത്തിയതിന് ഹോസ്ദുർഗ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരേ കേസെടുത്തിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല.

പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ആഭ്യന്തര വകുപ്പും പൊലീസും ആർ.എസ്.എസ് നേതാക്കൾ പ്രതികളായുള്ള ക്രിമിനൽ കേസുകളിൽ തുടരുന്ന നിസ്സംഗതയും നിഷ്‌ക്രിയത്വവുമാണ് വീണ്ടും ഇത്തരത്തിൽ കലാപാഹ്വാനം നടത്താൻ സംഘപരിവാർ നേതാക്കൾക്ക് പ്രചോദനമാവുന്നത്. കേരളീയ സമൂഹത്തിൽ സമാധാനം നിലനിർത്താൻ കെ.പി.ശശികലയെ പോലുള്ള വർഗ്ഗീയവിദ്വേഷ പ്രചാരകരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കാൻ പിണറായി സർക്കാർ ആർജ്ജവം കാണിക്കണമെന്ന് അജ്മൽ ഇസ്മായിൽ ആവശ്യപ്പെട്ടു.