തിരുവനന്തപുരം: ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്ത ആയുർവേദ ഡോക്ടറായ യുവതിയെ കൊടും പീഡനത്തിന് വിധേയമാക്കിയ യോഗ സെന്റർ അധികൃതരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തൃപ്പൂണിത്തറ കണ്ടനാട് പ്രവർത്തിക്കുന്ന യോഗ ആൻഡ് ചാരിറ്റബിൽ ട്രസ്റ്റിനെതിരെ ഡോ. ശ്വേത ഹരിദാസ് കഴിഞ്ഞ 21 ന് പരാതി നൽകിയിട്ടും അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. ഒരു പ്രമുഖ ചാനൽ യുവതിയുടെ അഭിമുഖം ഇന്നലെ പുറത്തുവിട്ടതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സംഘ് പരിവാരവുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസ് സ്വീകരിക്കുന്ന മെല്ലപ്പോക്ക് നയത്തിന്റെ തുടർച്ച തന്നെയാണിത്.

22 ദിവസത്തോളം യോഗ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മനോജ് ഗുരുജിയുടെയും ഹൈക്കോടതി അഭിഭാഷകനായ ശ്രീജേഷിന്റെയും കൗൺസിലർമാരായ സ്മിത, ലക്ഷ്മി, സുജിത് എന്നിവരുടെയും ക്രൂരതക്ക് ഇരയാകേണ്ടിവന്നതായി പരാതിയിൽ പറഞ്ഞിട്ടും കേസെടുത്ത് അന്വേഷണമാരംഭിക്കാൻ മൂന്ന് ദിവസം വൈകിയതിന് കേരള ജനതയോട് മറുപടി പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനും ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ ഈ സംഭവത്തോടുള്ള സമീപനം ഒട്ടും ആശാവാഹമല്ല.

ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളോട് വിദ്വേഷം വളർത്തുന്ന ക്ലാസ്സുകളാണ് കേന്ദ്രത്തിൽ നടത്തുന്നത് എന്ന വെളിപ്പെടുത്തൽ പുറത്തുവന്നിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. 65 ഓളം പെൺകുട്ടികളെ അന്യായമായി തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. കേരളത്തിൽ കേട്ടു കേൾവി പോലുമില്ലാത്ത വിധത്തിൽ കൊടും പീഡനങ്ങൾ നടക്കുന്നുവെന്ന് ക്രൂരതക്കിരയായ യുവതി രേഖാമൂലം പരാതിപ്പെട്ടിട്ടും അന്വേഷണമാരംഭിക്കാൻ ദിവസങ്ങളെടുത്തത് ഒരിക്കലും നീതികരിക്കാനാവില്ല. കേരള പൊലീസിനെ നിയന്ത്രിക്കുന്നത് ഇടതുപക്ഷ സർക്കാർ തന്നെയാണോ എന്ന് വ്യക്തമാക്കണമെന്നും മജീദ് ഫൈസി വാർത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.