കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കൊട്ടിഘോഷിക്കപ്പെട്ട നോട്ടു നിരോധനത്തിന് കഴിഞ്ഞ ഒരു വർഷം കൊണ്ട് സാമ്പത്തിക ദുരന്തം മാത്രമാണ് സമ്മാനിക്കാൻ കഴിഞ്ഞതെന്ന് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ). ഈ സാഹചര്യത്തിൽ നവംബർ 8 ന് പിന്നിട്ട ഒരു വർഷത്തിന് നരേന്ദ്ര മോദി മറുപടി പറയുക എന്ന മുദ്രാവാക്യമുയർത്തി വിചാരണ ദിനമായി ആചരിക്കും.

കഴിഞ്ഞ നവംബർ 8 ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച നോട്ടു നിരോധനം രാജ്യത്താകമാനം പിടിച്ചുലക്കുകയും സാധാരണക്കാരെ തീരാ ദുരിതത്തിലാക്കുകയും ചെയ്തതായി എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ സഈദ് പറഞ്ഞു.നോട്ട് നിരോധനം ചരിത്രപരമായ തീരുമാനമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് പരാജയപ്പെട്ടാൽ താൻ അതിന് ഉത്തരവാദിയായിരിക്കുമെന്നും തന്നെ പരസ്യമായി ശിക്ഷിക്കാമെന്നാണ് രാജ്യത്തോട് പറഞ്ഞത്. എന്നാൽ നോട്ടു നിരോധനം രാജ്യത്തിന് സാമ്പത്തിക തകർച്ച മാത്രമാണ് സമ്മാനിച്ചത്. ഇതിനായി ചൂണ്ടിക്കാണിച്ച കാരണങ്ങൾ പൂർണ്ണമായും തെറ്റായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. സ്ത്രീകളും കുട്ടികളും വയോധിക ജനങ്ങളും അംഗവൈകല്യം സംഭവിച്ചവരും രാവും പകലും ക്യൂവിൽ നിന്ന് വലഞ്ഞു. അതേസമയം, കുത്തകകളും മന്ത്രിമാരും ഉദ്ദ്യോഗസ്ഥരുടെ മേലാളന്മാരും പിൻവാതിലിലൂടെ വൻതോതിൽ നോട്ടുകൾ മാറാൻ സൗകര്യമുണ്ടാക്കി.

നോട്ടു നിരോധനം നടപ്പാക്കി ഒരു വർഷം പൂർത്തിയാവുമ്പോൾ കള്ളപ്പണം പുറത്തുകൊണ്ടുവരാനോ, കള്ളപ്പണം പിടിച്ചെടുക്കാനോ കഴിഞ്ഞിട്ടില്ല. ഭീകരവാദത്തിന് കടിഞ്ഞാണിടുമെന്ന വാദവും പാഴ്‌വാക്കായി. അത്യന്തികമായി രാജ്യം നോട്ടില്ലാതെ നരകിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ചരിത്രത്തിൽ മുമ്പാരും കാട്ടാത്ത ധീരവും ചരിത്രപരവുമായ തീരുമാനമായാണ് മോദി സർക്കാർ നോട്ടു നിരോധനത്തെ വിശേഷിപ്പിച്ചത്. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ മുമ്പ് അവസരവാദിയും നോട്ടു നിരോധനം നടപ്പാക്കിയിട്ടുണ്ടെന്നതാണ് വസ്തുത. മതിയായ തയ്യാറുകളോടെ വിദഗ്ദരും മന്ത്രിമാരും മുന്നണിമാരും കൂടിയാലോചിച്ചാണ് അത്തരം തീരുമാനങ്ങൾ നടപ്പാക്കിയത്. എന്നാൽ വ്യക്തിഗത നേട്ടത്തിന് മോദി സ്വന്തം മന്ത്രിമാരോടും സാമ്പത്തിക വിദഗ്ദരോടു പോലും കൂടിയാലോചിക്കാതെയാണ് മോദി നോട്ടു നിരോധനം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത്.

നോട്ടു നിരോധനം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. വ്യാവസായിക മേഖല ഇപ്പോഴും ഭീമമായ നഷ്ടത്തിലാണ്. കോടിക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. നിർമ്മാണ മേഖല ഇപ്പോഴും സ്തംഭനാവസ്ഥയിലും വ്യാപാര മേഖല തകർച്ചയുടെ വക്കിലുമാണ്. തൊഴിലാളികളും കർഷകരും ഉപജീവനത്തിന് ബുദ്ധിമുട്ടുന്ന ഭീതിദമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

നീണ്ട ഒരു വർഷത്തിനു ശേഷവും നിരോധിച്ച നോട്ടുകൾ വൻതോതിൽ പിടിച്ചെടുക്കുന്നുവെന്ന റിപ്പോർട്ടിൽ ദുരൂഹതയുണ്ട്. പൊലീസോ ഇന്റലിജൻസ് ഏജൻസികളോ കുറ്റവാളികളുടെ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്താൻ തയ്യാറാവുന്നില്ല.

നോട്ടു നിരോധനം പരാജയപ്പെട്ടാൽ തന്നെ പരസ്യമായി ശിക്ഷിക്കാം എന്ന വാഗ്ദാനം നരേന്ദ്ര മോദി തന്ത്രപൂർവ്വം മറക്കുകയുമാണെന്ന് എ സഈദ് കുറ്റപ്പെടുത്തി. കുറ്റകരമായ അനാസ്ഥക്ക് നരേന്ദ്ര മോദി രാജ്യത്തോട് മറുപടി പറയേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ച് നവംബർ 8 ന് എസ്.ഡി.പി.ഐ രാജ്യ വ്യാപക പ്രക്ഷോഭം നടക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ റിസർവ്വ് ബാങ്കുകൾക്ക് മുമ്പിലും ജില്ലാ കലക്ടറേറ്റുകൾക്ക് മുമ്പിലും ധർണ്ണ നടത്തും.