തിരുവനന്തപുരം: എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള ബഹുജൻ മുന്നേറ്റ യാത്രയുടെ തെക്കൻ മേഖല ജാഥ ജില്ലയിൽ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി നയിക്കുന്ന തെക്കൻ മേഖല ജാഥയുടെ രണ്ടാം ദിവസ പരിപാടി പാങ്ങോട് ജങ്ഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം ഭരിച്ചിട്ടുള്ള ഇടതു-വലതു മുന്നണികൾ എന്നും ഭൂമാഫിയയുടെ താൽപ്പര്യം സംരക്ഷിക്കുന്നവരാണെന്നും ഭൂരഹിതരോട് ശത്രുക്കളോടെന്ന പോലെയാണ് പെരുമാറിയിട്ടുള്ളതെന്നും ജാഥാ ക്യാപ്റ്റൻ പി. അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

മാർത്താണ്ഡം കായൽ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി രാജിവെച്ചത് ഏറ്റവും അവസാനത്തെ കാര്യമല്ല. അദ്ദേഹം നിയമസഭാംഗത്വവും രാജിവെച്ചൊഴിയണം. മന്ത്രി എം.എം. മണി ഉൾപ്പെടെ ഇപ്പോഴും പിണറായി മന്ത്രിസഭയിൽ ഭൂമാഫിയായുടെ വക്താക്കളുണ്ട്. സിപിഐയുടെ മുതിർന്ന നേതാവും മുൻ സ്പീക്കറുമായിരുന്ന സി.എ. കുര്യനുൾപ്പെടെയുള്ള ഭൂമി കൈയേറ്റക്കാർക്കായി എന്നും ഒത്താശ ചെയ്തിട്ടുള്ളവരാണ്. ലേക്ക് പാലസ് റിസോർട്ടുമായി ഉയർന്ന ആരോപണങ്ങൾ അത്യന്തം ഗൗരവമുള്ളതാണ്.

നഗ്‌നമായ നിയമലംഘനമാണ് തോമസ് ചാണ്ടി നടത്തിയിട്ടുള്ളതെന്ന് കലക്ടർ റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ അദ്ദേഹത്തിനെതിരേ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വൈമനസ്യം കാണിക്കരുത്. തോമസ് ചാണ്ടിക്കുവേണ്ടി സഹായകരമായ നിലപാടുകൾ സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ് തല നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജാഥാംഗങ്ങളായ അഷ്റഫ് മൗലവി മൂവ്വാറ്റുപുഴ, റോയ് അറയ്ക്കൽ, എം. ഫാറൂഖ്, നൗഷാദ് മംഗലശ്ശേരി, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം എന്നിവർ സംസാരിച്ചു. പാങ്ങോട് നിന്നാരംഭിച്ച ജാഥക്ക് വെമ്പായത്ത് സ്വീകരണം നൽകി. നഗരൂരിൽ സമാപിച്ചു.പാങ്ങോട് നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി സംസാരിക്കുന്നു