കോഴിക്കോട്: മുന്നോക്ക ജാതി സംവരണം ഏർപ്പെടുത്തിയ ഇടതു സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് എസ്.ഡി.പി.ഐ സംസ്ഥാനത്തെ കളക്ടറേറ്റുകൾക്ക് മുന്നിൽ ധർണ നടത്തും. മുന്നോക്ക സംവരണം ഭരഘടന വിരുദ്ധം, എൽ.ഡി.എഫ് സർക്കാരിന്റെ സവർണ പ്രീണനം അവസാനിപ്പിക്കുക, മുന്നോക്ക ജാതിക്കാർക്ക് ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഏർപ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നത്. രാവിലെ 10 മണിക്ക് കളക്ടറേറ്റുകൾക്കു മുന്നിൽ നടക്കുന്ന ധർണയിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ കണ്ണൂരിലും ജനറൽ സെക്രട്ടറിമാരായ എം.കെ മനോജ് കുമാർ കോഴിക്കോട്ടും അജ്മൽ ഇസ്മായിൽ കാസർഗോഡും, സെക്രട്ടറിമാരായ റോയി അറയ്ക്കൽ കൊല്ലത്തും പി.കെ ഉസ്മാൻ കോട്ടയത്തും, സെക്രട്ടറിയേറ്റംഗങ്ങളായ പി.അബ്ദുൽ ഹമീദ് മലപ്പുറത്തും കെ.കെ.അബ്ദുൽ ജബ്ബാർ തൃശൂരിലും സംസ്ഥാന സമിതി അംഗങ്ങളായ വി.ടി.ഇഖ്റാമുൽ ഹഖ് എറണാകുളത്തും എം.ഫാറൂഖ് പത്തനംതിട്ടയിലും ഇ.എസ്.ഖാജാ ഹുസൈൻ ആലപ്പുഴയിലും വി എം.ഫഹദ് ഇടുക്കിയിലും കെ.കെ.ഹുസൈർ പാലക്കാടും, എസ്.ഡി.റ്റി.യു.സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി വയനാടും ധർണ ഉദ്ഘാടനം ചെയ്യും.