തിരുവനന്തപുരം: സാമൂഹ്യനീതി അട്ടിമറിക്കാൻ എൽ.ഡി.എഫ് ഗവൺമെന്റ് തന്നെ നേതൃത്വം നൽകുകയാണെന്നും സവർണ്ണ വിധേയത്വത്താൽ സ്ഥലകാല ബോധം നഷ്ടപ്പെട്ട മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

പിന്നാക്ക വിഭാഗങ്ങളുടെ മേൽത്തട്ട് പരിധി 6 ലക്ഷത്തിൽ നിന്ന് 8 ലക്ഷം രൂപയാക്കി ഉയർത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പിലാക്കേണ്ടതില്ല എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് വൻ നഷ്ടമാണ് സർക്കാരിന്റെ നിലപാട് കാരണം വരാൻ പോകുന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് ഉദ്യോഗ സംവരണത്തിലും വിവിധ ആനുകൂല്യങ്ങൾക്കും ഏറെ ഗുണകരമാകുന്ന ഉത്തരവാണ് കേരള സർക്കാർ പൂഴ്‌ത്തിയത്.

2017 സെപ്റ്റംബർ 13 നാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയം മേൽത്തട്ട് പരിധി ആറിൽ നിന്ന് എട്ടു ലക്ഷം രൂപയായി വർദ്ധിപ്പിച്ച് ഉത്തരവിറക്കിയത്. 1993 സെപ്റ്റംബർ 8 ന് ഇറക്കിയ ഓഫീസ് മെമോറാണ്ടത്തിലെ 6ാം കാറ്റഗറിയിൽ 8 ലക്ഷം രൂപ എന്ന് ചേർക്കുന്നതായും ഉത്തരവിലുണ്ട്. കേന്ദ്ര സർക്കാരിന്റെ അണ്ടർ സെക്രട്ടറി ദേവബ്രത ദാസ് പുറപ്പെടുവിച്ച ഉത്തരവിൽ 2017 സെപ്റ്റംബർ 1 മുതൽ വർദ്ധനക്ക് പ്രാബല്യമുണ്ടെന്നും വ്യക്തമാക്കുന്നു. ഇത് നടപ്പാക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും വകുപ്പുകളോടും ഉത്തരവ് നിർദ്ദേശിക്കുന്നു.

മെഡിക്കൽ എൻജിനിയറിങ് പ്രവേശന സംവരണം, ജോലി സംവരണം, വിവിധ ആനുകൂല്യങ്ങൾ, സ്‌കോളർഷിപ്പുകൾ, സമാശ്വാസ തൊഴിൽ ദാന പദ്ധതി തുടങ്ങിയവയ്ക്കൊക്കെ മേൽത്തട്ട് പരിധി ബാധകമാണെന്നിരിക്കെയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശ ചീഫ് സെക്രട്ടറിമാർക്കും അടിയന്തിര നടപടിയെടുക്കാൻ നിർദ്ദേശിച്ച് അയച്ച ഈ ഉത്തരവ് കേരള സർക്കാർ അട്ടിമറിക്കുന്നത്.

ഒരു പ്രക്ഷോഭങ്ങളുമില്ലാതെ ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സംവരണം വേണമെന്ന നിലപാട് എടുത്ത സംസ്ഥാന സർക്കാർ കേന്ദ്ര ഉത്തരവുണ്ടായിട്ടും പിന്നാക്ക ജനവിഭാഗങ്ങളുടെ മേൽത്തട്ട് പരിധി ഉയർത്തിയത് തൽക്കാലം നടപ്പിലാക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസിൽ സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളിൽ പിന്നാക്ക പട്ടിക വിഭാഗ സംവരണം ഇല്ലാതാക്കുന്ന തീരുമാനം കൈക്കൊണ്ട സർക്കാരിന്റെ പിന്നാക്ക വിരുദ്ധ നീക്കത്തിന്റെ തുടർച്ച തന്നെയാണിതും. സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനും ദലിത് ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിനുമാണ് സംവരണം എന്നിരിക്കെ കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് പോലുള്ള ഉയർന്ന പദവികളിൽ പിന്നാക്കക്കാരൻ വരേണ്ടതില്ല എന്ന സവർണ ജാതി ബോധത്തെ തൃപ്തിപ്പെടുത്തുകയാണ് സർക്കാർ. സാമൂഹ്യനീതി അട്ടിമറിക്കുന്ന സർക്കാരിന്റെ സവർണ പ്രീണന നയത്തിനെതിരേ പ്രതിപക്ഷവും പ്രത്യേകിച്ച് മുസ്ലിം ലീഗും തുടരുന്ന മൗനം ദുരൂഹമാണ്.

ഭരണഘടനാപരമായ സംവരണാവകാശങ്ങൾ അട്ടിമറിക്കാൻ അധികാരം ദുർവിനിയോഗം നടത്തിയെന്ന ആരോപണത്തിൽ കമ്മീഷൻ തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ബി.എസ് മാവോജിയെ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ ചെയർമാനായി നിയമിച്ചു കൊണ്ടുള്ള സർക്കാർ തീരുമാനവും സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇടതുപക്ഷ സർക്കാരിന്റെ പിന്നാക്കദലിത് വിരുദ്ധ നീക്കങ്ങൾക്കെതിരെ ബഹുജൻ സമാജിന്റെ യോജിച്ചുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ എം.കെ മനോജ്കുമാർ, അജ്മൽ ഇസ്മായിൽ, സെക്രട്ടറിമാരായ പി.കെ ഉസ്മാൻ, റോയ് അറക്കൽ, കെ.കെ അബ്ദുൽ ജബ്ബാർ എന്നിവർ പങ്കെടുത്തു.