- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എങ്കീ നിങ്ങള് ഞങ്ങളെക്കൂടീ വെട്ടിക്കൊന്നിട്ട് പോയാ മതീ' എന്നു പറഞ്ഞ് വാളിൽ കയറിപിടിച്ചത് മൂത്തസഹോദരി; പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞതും ഇവർ തന്നെ; കൈയ്ക്ക് പരിക്കേറ്റ റാഹിത തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിൽ; കണ്ണൂരിൽ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്റെ ജീവന് വേണ്ടി അവസാന നിമിഷംവരെയും പൊരുതിയത് കൂടപ്പിറപ്പുകൾ; സലാഹുദ്ദീനും സഹോദരിമാരും ആക്രമിക്കപ്പെട്ടത് കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരും വഴി
കണ്ണൂർ: സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന കണ്ണൂർ-കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ ആക്രമികൾ വെട്ടിയപ്പോഴും ജീവൻ രക്ഷിക്കാൻ അവാസന നിമിഷംവരെയുും ശ്രമിച്ചത് സഹോദരി റാഹിത. തടയാൻ ശ്രമിച്ച സഹോദരിമാരെ വാളും ബോബും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ആക്രമികൾ കൃത്യം നടത്തിയത്. 'എങ്കീ നിങ്ങള് ഞങ്ങളെക്കൂടീ വെട്ടിക്കൊന്നിട്ട് പോയാ മതീ' എന്ന് ആക്രോശിച്ച് കൊണ്ട് സഹോദരിമാരിൽ മൂത്തയാൾ വാളിൽ കയറിപിടിച്ചു. പിന്നീട് സഹോദരിയുമായി ഉന്തും തള്ളും ഉണ്ടാക്കിയാണ് അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്ത്.
മൂത്ത സഹോദരി റാഹിതയാണ് കണ്ണവം പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുന്നത്. തുടർന്ന് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൈക്ക് പരിക്കേറ്റ സഹോദരിയും തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊല നടത്തിയതെന്നാണ് സഹോദരിമാർ പറയുന്നത്.
അക്രമികൾ മാസ്ക്ക് ധരിച്ചിരുന്നതിനാൽ ആരുടേയും മുഖം സഹോദരിമാർ കണ്ടിട്ടില്ലെന്നാണ് വിവരം. കണ്ണവത്തെ സ്വന്തം വീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോകുമ്പോൾ ചിറ്റാരിപ്പറമ്പ്- ചുണ്ടയിൽ വച്ചാണ് കാറിന് പിന്നിൽ ബൈക്ക് കൊണ്ട് അക്രമികൾ ഇടിച്ചത്. തുടർന്ന് സലാഹുദ്ദീൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഘട്ടത്തിലാണ് വാളുകൊണ്ട് കഴുത്തിനും തലയ്ക്കും വെട്ടിയത്.
ആളൊഴിഞ്ഞ പ്രദേശത്ത് വച്ചായിരുന്നു ആക്രമണം. സലാഹുദ്ദീനും രണ്ട് സഹോദരിമാരും ഐ 10 വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. സലാഹുദ്ദീൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. തുടർച്ചയായ വെട്ടിൽ കഴുത്ത് മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആർഎസ്എസിന്റെ കൃത്യമായ പ്ലാനോടെയാണ് കൊലപാതകമന്ന് എസ്ഡിപിഐ ആരോപിച്ചു.
ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ണവം സിഐ കെ സുധീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. തുടർ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ജില്ലയിൽ പൊലീസ് രാത്രി പട്രോളിംങ്ങ് ശക്തമാക്കി.
ശ്യാമപ്രസാദ് വധത്തിന്റെ പ്രതികാരമാണ് സലാഹുദ്ദീൻ വധമെന്നാണ് പൊലീസ് ഭാക്ഷ്യം. എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസിൽ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീൻ. ശ്യാമപ്രസാദിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് ചാർജ്ജ് ഷീറ്റിൽ പറയുന്നത്. കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട സലാഹുദ്ദീൻ ആദ്യം ഒളിവിൽ പോയെങ്കിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതോടെ സ്റ്റേഷനിലെത്തി ഹാജരാകുകയായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ് ഇയാൾ. 2018 ൽ നടന്ന ശ്യാമപ്രസാദ് വധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.
കൊലയ്ക്ക് പിന്നിൽ ആർഎസ്എസെന്ന് എസ്ഡിപിഐ
കണ്ണൂർ കണ്ണവത്ത് നിസാമുദ്ധീൻ മൻസിൽ സയ്യിദ് സലാഹുദ്ദീൻ (31) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി അപലപിച്ചു. ആർഎസ്എസ്സാണ് കൊലപാതകത്തിനു പിന്നിൽ. കാറിനെ പിൻതുടർന്നെത്തിയ അക്രമികളാണ് സഹോദരിമാരുടെ കൺമുമ്പിൽ വെച്ച് കിരാതമായ കൊലപാതകം നടത്തിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ അക്രമികൾ കൊലപാതകം നടത്തിയിരിക്കുന്നതെന്നു വ്യക്തമായിരിക്കുകയാണ്.
അക്രമികളെ എത്രയും വേഗം അറസ്റ്റുചെയ്യാൻ പൊലീസ് തയ്യാറാവണം. കൊലപാതകത്തിനു പിന്നിലെ ആസൂത്രണവും ഗൂഢാലോചനയും സത്വരമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. പ്രവർത്തകരെ സായുധമായി നേരിടാനാണ് സംഘി ഭീകരരുടെ ശ്രമമെങ്കിൽ അത് വിലപ്പോവില്ല. നിഷ്ഠൂരമായ കൊലപാതകത്തിലൂടെ ഫാഷിസ്റ്റ് വിരുദ്ധപോരാട്ടത്തിൽ നിന്നു പിന്തിരിപ്പിക്കാമെന്നത് വെറും വ്യാമോഹമാണ്. കൊലപാതകത്തിനു പിന്നിൽ ബിജെപി, ആർഎസ്എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണം.
കണ്ണൂർ ജില്ലയിൽ വ്യാപകമായ അക്രമത്തിനുള്ള ആയുധശേഖരണം നടത്തിയിരിക്കുകയാണ് ആർഎസ്എസ്. പൊലീസ് സേനയിൽ നിന്നു തന്നെയുള്ള പിന്തുണയും സഹായവുമാണ് ആർ.എസ്.എസിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മജീദ് ഫൈസി വ്യക്തമാക്കി. സലാഹുദ്ദീന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.