തിരുവനന്തപുരം: പണാധിപത്യമാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്. ഭരണസ്വാധീനവും പണവും ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങളിലൂടെ താൽക്കാലികമായ വിജയം നേടാനാകുമെങ്കിലും ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. സഹതാപ തരംഗവും പണത്തിന്റെ കുത്തൊഴുക്കും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് സീറ്റ് നിലനിർത്താൻ സഹായകമായി. ഇടതുപക്ഷ വോട്ടുകൾ ആകർഷിക്കാൻ വേണ്ടി ബിജെപിയും യു.ഡി.എഫും തമ്മിലാണ് പ്രധാനമത്സരമെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന ബിജെപിയുടെ വോട്ട് വർദ്ധിപ്പിക്കുന്നതിനു കാരണമായി. ഭരണവിരുദ്ധ വികാരം ശക്തമായിരുന്നിട്ട് കൂടി അത് ഉപയോഗപ്പെടുത്തുന്നതിൽ ഇടതുപക്ഷം പരാജയപ്പെടുകയാണ് ചെയ്തത്. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ മുഖ്യധാര പാർട്ടികൾ ശ്രമിക്കാത്തതാണ് ബിജെപിയുടെ വളർച്ചക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐയുടെ സാന്നിധ്യം ബിജെപിയുടെ വോട്ട് വർദ്ധിക്കാൻ കാരണമായെന്ന ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പരാജയമാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലിരിക്കുന്നത് ആരുടെ സാന്നിധ്യം കൊണ്ടാണ്. കേരളത്തിൽ ലീഗ് അധികാരത്തിലിരുന്ന് ന്യൂനപക്ഷങ്ങൾ അനർഹമായ നേട്ടങ്ങളുണ്ടാക്കുന്നുവെന്ന് വർഗ്ഗീയ ദ്രൂവീകരണത്തിന് വേണ്ടി മറ്റുസംസ്ഥാനങ്ങളിൽ ബിജെപി പ്രചരിപ്പിക്കുന്നു. ബിജെപി യുടെ പ്രചാരണത്തെ പരാജയപ്പെടുത്താൻ മുസ്‌ലിംലീഗ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാകുമോ. പലപ്പോഴും ബിജെപിയുമായി സഹകരിക്കുന്ന നിലപാട് സ്വീകരിച്ച പാർട്ടിയാണ് മുസ്‌ലിം ലീഗെന്നത് മറക്കരുതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ് പറഞ്ഞു.