- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വരുന്നുണ്ട് വരുന്നുണ്ട് നിന്റെയൊക്കെ കാലന്മ്മാർ'; പകൽ ലീഗും രാത്രി സുഡാപ്പിയുമായ നിരവധി പേർ; മേഖലയിൽ ആയുധ പരിശീലനം പതിവ്; ബാലുശ്ശേരിയിലെ ഐസിസ് മോഡലിൽ ശക്തമായ പ്രതികരണമില്ല; ഉത്തരേന്ത്യയിലെ ആക്രമണങ്ങളിൽ തുള്ളുന്നവരെയും കാണാനില്ല; എസ് ഡി പി ഐയെ സിപിഎം ഭയക്കുന്നോ?
കോഴിക്കോട്: ഐസിസ് മോഡൽ വിചാരണയും ആൾക്കൂട്ട ആക്രമണവുമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കോട്ടൂർ പാലോളിയിൽ ജിഷ്ണു എന്ന ഡി വൈഎഫ്ഐ പ്രവർത്തകനുനേരെ എസ്ഡിപിഐ നടത്തിയത്. എസ്ഡിപിഐയുടെ ഫ്ളക്സ് കീറിയെന്ന് ആരോപിച്ച്, 30ലധികം പേർ ചേർന്നാണ് ജിഷ്ണുവിനെ മൂന്നര മണിക്കൂറോളം ക്രുരമായി മർദിക്കുകയും, വടിവാൾ കൈയിൽവെച്ച് കൊടുത്ത് നിർബന്ധിച്ച 'മൊഴി' രേഖപ്പെടുത്തി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തത്. ഈ താലിബാൻ മോഡൽ കാടൻ നടപടിയിൽ കേരളം ഞെട്ടുമ്പോഴും, പാർട്ടിയിൽനിന്ന് എസ്ഡിപിയോട് മൃദുസമീപനമാണ് പൊതുവേ സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ഉത്തരേന്ത്യയിലെ ആൾക്കൂട്ട ആക്രമണത്തിലും, പശുക്കൊലകളിലും, സംഘപരിവാർ ഭീഷണികളിലുമൊക്കെ ശക്തമായ പ്രതികരിക്കുന്ന കേരളത്തിലെ സാംസ്കാരിക നായകർ അടക്കം ഈ എസ്ഡിപിഐ ഫാസിസത്തോട് പ്രതികരിച്ചിട്ടില്ല. ഫേസ്‌ബുക്കിൽ സിപിഎം സൈബർ പോരാളികളിൽ പലരും, എസ്ഡിപിഐയുടെ പേര് പോലും പരാമർശിക്കാതെയാണ് പോസ്റ്റ് ഇടുന്നത്. ഇതെല്ലാം മൂലമാണ് സിപിഎമ്മിന് എസ്ഡിപിഐയെ ഭയമാണോ എന്ന ആരോപണം ഉയരുന്നത്. നേരത്തെ ഒരു കോളജിൽ തങ്ങളുടെ കൊടികൾ തൊട്ടാൽ വിവരം അറിയും എന്നപേരിൽ, കാമ്പസ് ഫ്രന്റുകാർ എസ്എഎഫ്ഐക്കാരെ വിറപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അക്കാലത്തുതന്നെ സിപിഎമ്മിന് സുഡാപ്പികളെ പേടിയാണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ വന്നിരുന്നു.
പകൽ ലീഗ് രാത്രി സുഡാപ്പിയും
അക്രമം നടന്ന കോട്ടുർ പഞ്ചായത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ സിപിഎം ഒന്ന് കൈവീശി അടിച്ചാൽ എസ്ഡിപിഐയും ലീഗും പമ്പകടക്കും. സാധാരണ തങ്ങൾക്കുനേരയുണ്ടാവുന്ന ആക്രമണങ്ങളിൽ വാശിയോടെ തിരിച്ചടിക്കുന്ന സ്വഭാവമാണ് സിപിഎമ്മിനുള്ളത്. എന്നാൽ എസ്ഡിപിഐയോട് മാത്രം അവർ അങ്ങനെ ചെയ്യാറില്ല. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇങ്ങനെയാണ്. '' ഒരു സംഭവം നടന്നിട്ട് ഏതെങ്കിലും സുഡാപ്പി കൊടിമരം ഡിഫിക്കാർ പിഴുതു മാറ്റിയോ, സുഡാപ്പി ഓഫീസ് ആക്രമിച്ചോ ? സുഡാപ്പികളെ വെട്ടും കുത്തും തല്ലി കൊല്ലും എന്നു പറഞ്ഞു പ്രകടനം നടന്നോ ?പോട്ടെ അഭിനവ മാധ്യമ കമ്മി ശിങ്കങ്ങൾ ലേഖന സമാഹാരം എഴുതി കണ്ണീർ തൂകിയോ ?അഭിമന്യുവിനെ കൊന്നത് സുഡാപ്പികൾ ആണെന്ന് പറഞ്ഞു നടന്ന് അവസാനം എസ്.ഡി.പി.ഐ എന്ന വാക്ക് പോലും ഇല്ലാതെ 'വർഗീയത തുലയട്ടെ' എന്ന പോസ്റ്റർ കേരളം മൊത്തം ഒട്ടിച്ചു നിവൃത്തിയടഞ്ഞ സിപിഎം പോരാട്ട വീര്യം അഭിനന്ദനീയമാണ്.അതാണ് പണ്ടുള്ളവർ താടിയുള്ള അപ്പനെയേ പേടിയുള്ളൂ എന്ന് പറയുന്നത്.'' - ഈ പോസ്റ്റ് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുമ്പോൾ സിപിഎം കാർക്ക് പ്രതികരിക്കാൻ പോലും ആവുന്നില്ല.
ഇവിടെ നേരത്തെ തന്നെ ബാലുശ്ശേരി മേഖലയിൽ എസ്ഡിപിഐയുടെ ആയുധ പരിശീലനം നടന്നിരുന്നുവെന്ന് പരാതിയുണ്ട്. 'വരുന്നുണ്ട് വരുന്നുണ്ട് നിന്റെയൊക്കെ കാലന്മ്മാർ' എന്ന മുദ്രാവാക്യം ഈ മേഖലയിലും നേരത്തെ ഉയർന്നുകേട്ടിരുന്നു. മാത്രമല്ല പകൽ മുസ്ലിം ലീഗും രാത്രി സുഡാപ്പികളുമായി ജീവിക്കുന്ന ഒരു കൂട്ടർ ഉണ്ട്. ഇവരെക്കുറിച്ച് ലീഗ് നേതൃത്വത്തിനും അറിയാമെങ്കിലും അവരും കണ്ണടക്കായാണ് പതിവ്. ഇപ്പോൾ ജിഷ്ണുവിനെ ആക്രമിച്ചവരിൽ ഒരു വിഭാഗം മുസ്ലീലീഗ് പ്രവർത്തകരായി അറിയപ്പെടന്നവർ.
ഒരു ചെറുപ്പക്കാരനെ ഒരു കൂട്ടർ വന്ന് പിടിച്ച് കൊണ്ടുപോവുക. അയാളുടെ തല ചെള്ളിവെള്ളത്തിൽ മുക്കുക, മാരകമായി ഉപദ്രവിക്കുക, കൊലക്കത്തി കഴുത്തിൽ വെച്ചിട്ട് കൊല്ലും എന്ന് ഭീഷിണിപ്പെടുത്തിയിട്ട്, അയാളെ കൊണ്ട് എല്ലാം ഏറ്റു പറഞ്ഞ് വീഡിയോ റിക്കോർഡ് ചെയുക, അത് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുക. ഇത്രയും വലിയ ഒരു താലിബാൻ രീതി ഉണ്ടായിട്ടും സിപിഎം സർക്കിളുകളിൽനിന്നുപോലും മതിയായ പ്രതികരണം ഉണ്ടായിട്ടില്ല. രാത്രി ഒരു മണിക്കാണ് ജിഷ്ണുവിനെതിരെ അക്രമം നടന്നത്. പൊലീസ് എത്തിയത് മൂന്നുമണിക്കും. തുടർന്ന് എസ്.ഡി.പി.ഐയുടെ ഫ്ളക്സ് കീറിയതിന് ജിഷ്ണുവിന് എതിരെ കേസ് എടുത്തിട്ടുണ്ട്. ജിഷ്ണു ഒരു ദളിതൻ കൂടിയാണ്. ഇത് ഉത്തരേന്ത്യയിൽ ആയിരുന്നെങ്കിൽ ദലിത് അതിക്രമം എന്ന രീതിയിൽ കൂടിയായിരിക്കും സിപിഎം പ്രതികരണം.
സംഭവത്തിൽ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തിയേക്കും. സംഭവത്തിൽ 29 പേർക്കെതിരെയാണ് ബാലുശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്‌ഐആറിൽ പറയുന്നു. അക്രമിസംഘം ജിഷ്ണുവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്‌ഐആറിലുണ്ട്. കസ്റ്റഡിയിൽ ഉള്ളവരുടെ രാഷ്ട്രീയ ബന്ധം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
'കഴുത്തിൽ കത്തി വച്ച് പറയിപ്പിച്ചു'
സംഭവത്തെക്കുറിച്ച് ജിഷ്ണു പറയുന്നത് ഇങ്ങനെയാണ്:''സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലെ സത്യവസ്ഥ എന്താണെന്ന് നിങ്ങൾ മനസിലാക്കണം. ഇന്നലെ 12 മണി മുതൽ മൂന്നര വരെ എസ്ഡിപിഐ-ലീഗ് പ്രവർത്തകർ മർദിച്ചു. ഇന്നലെ എന്റെ ബെർത്ത് ഡേയായിരുന്നു. കേക്ക് വാങ്ങി രാത്രി കട്ട് ചെയ്യണം. സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണ്. കൂട്ടാൻ വേണ്ടിയിട്ട്.'
''അവിടെ എത്തി ബൈക്ക് നിർത്തിയപ്പോൾ മൂന്ന് പേർ പാലോളി മുക്കിൽ നിന്ന് താഴേക്ക് വന്നു. എന്താ പരിപാടിയെന്ന് ചോദിച്ചു. ഫ്രണ്ടിനെ കാത്ത് നിൽക്കുകയാണെന്ന് പറഞ്ഞു. അപ്പോൾ നടുവിൽ നിന്ന ആൾ, പേര് അറിയില്ല, കണ്ടാൽ അറിയാം, അയാൾ ചാടി വീണ് വണ്ടിയുടെ കീ എടുത്ത് പോക്കറ്റിലിട്ടു. തരാൻ പറഞ്ഞപ്പോൾ സൗകര്യമില്ലെന്ന് പറഞ്ഞു. ചാവി വേണമെങ്കിൽ താഴേക്ക് വരണമെന്ന് പറഞ്ഞു. വീട്ടിലെ വണ്ടിയായതുകൊണ്ട് ന്യൂട്രലാക്കി താഴേക്ക് പോയി. അലേക എത്തിയപ്പോൾ ഉള്ളിൽ നിന്ന് അഞ്ച് ചെക്കന്മാർ, കണ്ടാൽ അറിയാം, രണ്ട് പേരുടെ പേരും അറിയാം. എല്ലാവരും കൂടി ചാടി വീണു, ആദ്യത്തെ മൂന്നു പേരും ഈ അഞ്ച് പേരും കൂടി വളഞ്ഞിട്ട് ചോദിച്ചു, പ്രദേശത്തെ എസ്ഡിപിഐയുടെയും ലീഗിന്റേയും കൊടിമരങ്ങൾ നശിപ്പിക്കുന്നത് ആരാണെന്ന്. അറിയില്ലെന്ന് പറഞ്ഞു. അപ്പോൾ അവർ തിരിച്ച് പറഞ്ഞു, അറിയില്ലെങ്കിൽ ഞങ്ങൾ പറഞ്ഞ് തരാം. ഞങ്ങൾ പറയുന്നത് പോലെ തന്നെ പറയണമെന്ന്. അല്ലെങ്കിൽ അനുഭവിക്കുമെന്ന് പറഞ്ഞു. ആദ്യം കാര്യമാക്കിയില്ല.''
അറിയില്ലെങ്കിൽ പറഞ്ഞു തരാം, നിന്റെ പാർട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് കീറിയതെന്ന് പറയണം. വീഡിയോ ഓൺ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ പറയണമെന്നും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വയലിലെ ചളിയിലേക്ക് തല പിടിച്ച് താഴ്‌ത്തുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കഴുത്തിൽ കത്തി വച്ച് പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചു. വന്നവരിൽ ചിലർ എസ്ഡിപിഐ പ്രവർത്തകരാണ്. ലീഗ് നേതാവ് പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസിലായത്. കയ്യിലും കാലിനും തലക്കും കല്ലുകൊണ്ട് അടിച്ചു. പൊലീസെത്തിയാണ് മോചിപ്പിച്ചത്. എന്നാൽ പൊലീസിനെയും അവർ ഭീഷണിപ്പെടുത്തി. മർദിച്ച ആളുകളെ കണ്ടാൽ തിരിച്ചറിയും. ചിലർ നാട്ടിലുള്ളവരാണ് മറ്റുചിലർ പുറത്ത് നിന്നും എത്തിയവരാണ്''.- ജിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ