മണ്ണഞ്ചേരി : എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി.കാറിടി്ച്ചു വീഴ്‌ത്തിയ ശേഷം ഷാനിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച പുലർച്ചെ 12.45-ഓടെ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.നാൽപ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയിൽവച്ചാണ് അക്രമിസംഘം ഷാനെ ആക്രമിച്ചത്. 

മണ്ണഞ്ചേരി സ്‌കൂൾ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനിൽ വച്ചായിരുന്നു ആക്രമണം നടന്നത്. പൊന്നാടുള്ള വാടകവീട്ടിലേക്ക് (അൽഷ ഹൗസ്) സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു സംഭവം. പിന്നിൽനിന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടറിൽ ഇടിപ്പിച്ച് ഷാനെ വീഴ്‌ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൃത്യം നിർവഹിച്ചശേഷം വന്നവഴിതന്നെ അക്രമിസംഘം തിരികെപ്പോയി.അക്രമികൾ മണ്ണഞ്ചേരി ഭാഗത്തേക്കു പോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ കാർ പൊലീസ് തിരിച്ചറിഞ്ഞു.

പൊന്നാട് സ്വദേശിയിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് അക്രമിസംഘമെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഷാന്റെ കൈകാലുകൾക്കും കഴുത്തിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റിരുന്നു. ഷാനെ ആദ്യം മണ്ണഞ്ചേരിയിലെയും ആലപ്പുഴയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റിയത്. കാറിനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.

ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണഞ്ചേരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപത്തുള്ള സി.സി.ടി.വി.യിൽ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഷാന്റെ ഭാര്യ ഫൻസിലെ, മക്കൾ; ഹിബ ഫാത്തിമ, ഫിദ ഫാത്തിമ.

അതേസമയം ആർഎസ്എസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആരോപിച്ചു.


എസ്ഡിപിഐ കേരള സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്റെ കൊല ആർഎസ്എസ് ഭീകരത എംകെ ഫൈസി

എസ്ഡിപിഐ കേരള സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് ആർഎസ്എസ് ഭീകരതയാണെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യാ ദേശീയ പ്രസിഡന്റ് എംകെ ഫൈസി പ്രസ്താവിച്ചു. സംസ്ഥാനത്തെ സാമുദായിക സൗഹൃദ അന്തരീക്ഷം മലിനീകരിക്കാൻ കഴിഞ്ഞ കുറേ മാസങ്ങളായി സംഘപരിവാരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഷാന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും ഫൈസി പറഞ്ഞു.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനെ, ആലപ്പുഴ മണ്ണൻചേരിയിലെ വിജനമായ ഒരു പ്രദേശത്ത് വെച്ച് ആർഎസ്എസ് ഭീകരർ, അവർ വന്ന കാറുകൊണ്ട് ഇടിച്ച് താഴെയിടുകയും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാൻ പിന്നീട് മരണപ്പെട്ടു.

മുസ്ലിങ്ങൾക്കെതിരെ അപ്രധാനമായ പല വിഷയങ്ങളും ഉയർത്തി, സംസ്ഥാനത്തെ സാമൂഹിക സൗഹാർദം തകർക്കാൻ ഈയിടെ സംഘപരിവാരം കുറേ മെനക്കെട്ടതാണ്. ലൗ ജിഹാദ്, നാർകോട്ടിക്‌സ് ജിഹാദ്, ഹോട്ടലുകൾക്ക് മുമ്പിലെ ഹലാൽ ബോർഡുകൾ തുടങ്ങിയ ആരോപണങ്ങൾ മുസ്ലിങ്ങളെ പ്രകോപിക്കാനായി അവർ ഉയർത്തി പരാജയപ്പെട്ട സംഗതികളിൽ ചിലവയാണ്. ഒരു പ്രകോപനവുമില്ലാതെ ഷാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് സംസ്ഥാനത്തെ സൗഹൃദാന്തരീക്ഷം തകർക്കാനുള്ള അവരുടെ ഉദ്ദേശത്തിന്റെ കൃത്യമായ സൂചനയാണ്.

വെറുപ്പും വിദ്വേഷവും അടിസ്ഥാന സ്വഭാവമായിട്ടുള്ള സംഘപരിവാരത്തിന് ആളുകൾ സ്‌നേഹത്തിലും സമാധാനത്തിലും കഴിയുന്നത് സഹിക്കാവുന്നതിലപ്പുറമാണ്. അവരുടെ അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സാക്ഷ്യപത്രങ്ങളാണ് അവരുടെ ചരിത്രവും, അടുത്തകാലത്തുള്ള അവരുടെ പ്രവൃത്തികളും. കേരളം സംഘപരിവാരത്തിന് എന്നും ഒരു ബാലികേറാമലയായി നിലകൊണ്ടിരുന്നു, എന്നാൽ കേരള പൊലീസിന്റെ അവരോടുള്ള അഴകൊഴമ്പൻ സമീപനം, തങ്ങളുടെ വിദ്വേഷ അജണ്ട നടപ്പിലാക്കുന്നതിന് അവർക്ക് ഉത്തേജകമായി ഭവിക്കുകയാണ്.

ഷാനെ കൊലപ്പെടുത്തിയ ആർഎസ്എസ് ഭീകരതെക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താനും, ആർഎസ്എസിന്റെ വിദ്വേഷ അജണ്ട പരാജയപ്പെടുത്താൻ മുന്നിട്ടിറങ്ങാനും സംസ്ഥാനത്തെ മതേതര ജനസമൂഹത്തോട് ഫൈസി ആഹ്വാനം ചെയ്തു. കേരള പൊലീസ് തങ്ങളുടെ ആർഎസ്എസ് കവചം അഴിച്ചു വെച്ച്, സംഘപരിവാര അതിക്രമങ്ങൾക്കെതിരെയും സംസ്ഥാനത്തെ സാമുദായിക സൗഹാർദ അന്തരീക്ഷം മലീമസമാക്കാനുള്ള അവരുടെ ശ്രമങ്ങൾക്കെതിരെയും ശക്തമായ നടപടികൾ കൈക്കൊള്ളാനും ഫൈസി ആവശ്യപ്പെട്ടു.


എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരായ ആക്രമണം;ആർഎസ്എസ് ഭീകരതയിൽ പ്രതിഷേധിക്കുക: പോപുലർ ഫ്രണ്ട്

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെതിരെ ആർഎസ്എസ് നടത്തിയ ആസൂത്രിത ആക്രമണത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ ശക്തമായി പ്രതിഷേധിച്ചു. ഒരു പാർട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലൂടെ നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർഎസ്എസ് പദ്ധതിയിട്ടിരിക്കുന്നതെന്ന് വ്യക്തമാവുകയാണ്. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഢാലോചന പുറത്തു കൊണ്ടുവരണം.

ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന ഷാനെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് കാറിലെത്തിയ ആർഎസ്എസ് ആക്രമിസംഘം ഇടിച്ചു വീഴ്‌ത്തിയ ശേഷമാണ് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. വ്യക്തമായ ഗുഢാലോചനയോടെയാണ് ആക്രമണം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. ആലപ്പുഴയിൽ അടുത്തിടെ ആർഎസ്എസിന്റെ നേതൃത്വത്തിൽ മുസ്ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാന് നേരെ ആക്രമണം നടന്നിട്ടുള്ളത്. ആർഎസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു