- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികജാതി ഫണ്ട് 95 ശതമാനത്തോളം തുക വിനിയോഗിച്ചില്ലെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നത്; വിഷയത്തിൽ ഡയറക്ടറെ മാറ്റി നിർത്തി സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: 2019-20 കാലയളവിൽ എസ്.സി വിഭാഗത്തിന് 17 പദ്ധതികളിലായി അനുവദിച്ച തുകയിൽ 95 ശതമാനത്തോളം തുക വിനോഗിച്ചില്ലെന്ന എ.ജിയുടെ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഈ ഇനത്തിൽ ആകെ ചെലവഴിച്ചത് കേവലം 5.4 ശതമാനം മാത്രം. എസ്.സി.പി- കോർപസ് ഫണ്ട് ഇനത്തിൽ അനുവദിച്ച 100 കോടി രൂപയിൽ 11.69 കോടി മാത്രം ചെലവഴിക്കുകയും ബാക്കി 88.31 കോടി രൂപ നഷ്ടപ്പെടുത്തുകയും ചെയ്തു. എസ്.സി വിദ്യാർത്ഥികൾക്ക് നീക്കിവെച്ച 75 കോടിയിൽ 15.3 കോടി മാത്രമാണ് ചെലവഴിച്ചത്.വിദേശത്ത് തൊഴിൽ തേടുന്ന പട്ടികജാതി യുവാക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന സർക്കാർ പദ്ധതി പട്ടികജാതി വകുപ്പ് അട്ടിമറിച്ചെന്ന എ.ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പ് ഡയറക്ടറെ മാറ്റി നിർത്തി സമഗ്രാന്വേഷണം നടത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
ഡയറക്ടറേറ്റും സ്വകാര്യ സ്ഥാപനവും ഒത്തുകളിച്ച് പട്ടിക ജാതി ഫണ്ട് അട്ടിമറിച്ചെന്ന കണ്ടെത്തൽ വേലി തന്നെ വിളവ് തിന്നതിനു തുല്യമാണ്. കുറഞ്ഞ ചെലവിൽ പരിശീലനം നൽകാൻ സർക്കാർ സംവിധാനമുണ്ടായിരിക്കേ മാനദണ്ഡങ്ങളും സർക്കാർ ഉത്തരവുകളും ലംഘിച്ച് അമിത ഫീസ് നൽകി സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് വകുപ്പ് ഡയറക്ടർ വ്യക്തമാക്കണം. 100 പേരെ അർഹരായി കണ്ടെത്തി പരിശീലനം നൽകിയതിൽ 30 പേർ മാത്രമാണ് വിദേശത്ത് തൊഴിൽ ചെയ്യുന്നത്. ബാക്കി 70 പേർക്ക് തൊഴിൽ ലഭിക്കാതിരുന്നതെന്തുകൊണ്ടാണ്. എല്ലാറ്റിലുമുപരിയായി പരിശീലനത്തിനും യാത്രാ ചെലവുകൾക്കുമായി ഉദ്യോഗാർത്ഥിക്ക് അർഹതപ്പെട്ട തുകയായ ഒരു ലക്ഷം രൂപ വീതം വീണ്ടും സ്വകാര്യ സ്ഥാപനത്തിന് നൽകിയത് ഗുരുതരമായ ക്രമക്കേടാണെന്നും യോഗം വിലയിരുത്തി.
ഇതുവഴി 30 ലക്ഷം രൂപയാണ് അനധികൃതമായി സ്വകാര്യ സ്ഥാപനത്തിന് ലഭിച്ചത്. ഈ തുക ഉത്തരവാദപ്പെട്ടവരിൽ നിന്നു തിരിച്ചു പിടിക്കാൻ സർക്കാർ തയ്യാറാവണം. ഒരു പദ്ധതിയിൽ മാത്രം ഇത്രയധികം തട്ടിപ്പു നടന്നതായി വ്യക്തമായ സ്ഥിതിക്ക് പട്ടിക ജാതി വിഭാഗത്തിന് വേണ്ടി സർക്കാർ നടപ്പാക്കുന്ന മുഴുവൻ പദ്ധതികൾ സംബന്ധിച്ചും കൃത്യമായ ഓഡിറ്റും വിലയിരുത്തലും നടത്താൻ സർക്കാർ തയ്യറാവണം.പട്ടിക ജാതി വിഭാഗത്തിനുള്ള ഫണ്ട് ചെലവഴിക്കാതെയും വകമാറ്റി ചെലവഴിച്ചും ഫണ്ട് വെട്ടിപ്പ് നടത്തിയും പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പുരോഗതി തടയുന്ന നടപടികൾക്ക് കുടപിടിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
ഓൺലൈൻ സെക്രട്ടറിയേറ്റിൽ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി അബ്ദുൽ ഹമീദ്, റോയ് അറയ്ക്കൽ, തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായീൽ, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുൽ ജബ്ബാർ, കെ എസ് ഷാൻ, പി ആർ സിയാദ്, സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാൻ, ഇ എസ് കാജാ ഹുസൈൻ, പി പി മൊയ്തീൻ കുഞ്ഞ് സംസാരിച്ചു.