- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ പി യോഹന്നാന്റെ അനധികൃത സ്വത്ത്: രാഷ്ട്രീയ പാർട്ടികളുടെ മൗനം ദുരൂഹം; യോഹന്നാൻ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് സാമ്പത്തിക ഇടപാടുകളിൽ സമഗ്രാന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ
കോട്ടയം: വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചു വിദേശരാജ്യങ്ങളിൽ നിന്ന് കോടികൾ സംഭാവനകൾ ശേഖരിച്ച് കെ പി യോഹന്നാനും സംഘവും തട്ടിപ്പു നടത്തിയതായി ആദായ നികുതിവകുപ്പ് റെയ്ഡിൽ കണ്ടെത്തിയ കേസിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ മൗനം ദുരൂഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 6000 കോടിയോളം രൂപ ബിലീവേഴ്‌സ് ചർച്ചിന് സഹായമായി ലഭിച്ചെന്നും ഇത് റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളിലേക്ക് ചെലവഴിച്ചെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 17.5 കോടി രൂപയുടെ നോട്ടുകളാണ് റെയ്ഡിൽ പിടിച്ചെടുത്തത്. ഇതിൽ 4.5 കോടി രൂപയുടെ നോട്ടുകൾ നിരോധിക്കപ്പെട്ടവയാണ്. കേരളത്തിൽ 11000 ഏക്കർ ഭൂമിയാണ് അനധികൃത പണമുപയോഗിച്ച് കെ പി യോഹന്നാൻ വാങ്ങിക്കൂട്ടിയത്. രാജ്യത്തെ ഞെട്ടിക്കുന്ന വിദേശനാണയ വിനിമയ തട്ടിപ്പും അനധികൃത പണമിടപാടും നടത്തിയ കേസിൽ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്ന നിസ്സംഗത സംശയകരമാണ്.
ഈ കൂട്ടുകൃഷിയിൽ പങ്കു പറ്റുന്നവരാണ് മൗനികളാവുന്നതെന്ന ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് രാഷ്ട്രീയ പാർട്ടികളുടെ നിലപാട്. ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടും അതിനെതിരേ ക്രൈസ്തവ സഭകൾ കാണിക്കുന്ന മൗനം സംശയം ബലപ്പെടുത്താനേ ഉപകരിക്കൂ. ബിലീവേഴ്‌സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് തുടങ്ങിയ കടലാസ് ട്രസ്റ്റുകൾ വഴി വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചു വിദേശരാജ്യങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിക്കുന്നതായും വൻതോതിൽ ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നുവെന്നുമുള്ള പരാതികൾ 2012 മുതൽ ഉയരുന്നുണ്ടെങ്കിലും രാഷ്ട്രീയ രംഗത്തെ സ്വാധീനമുപയോഗിച്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നു.
സിപിഎമ്മും ഇടതു സർക്കാരും നടത്തിയ ഒത്തുകളിയിലൂടെയാണ് കള്ളപ്പണമുപയോഗിച്ച് ചെറുവള്ളി ഭൂമി കൈമാറ്റം നടന്നിട്ടുള്ളതെന്നാണ് നിയമസഭയിൽ മുമ്പ് നടത്തിയ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. ഈ അനധികൃത ഇടപാടിന് നിയമസാധുത നൽകാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. തട്ടിപ്പിൽ പങ്കാളികളായ കെ പി യോഹന്നാൻ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും തുളസീധരൻ പള്ളിക്കൽ ആവശ്യപ്പെട്ടു.വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായീൽ, കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ് എന്നിവരും സംബന്ധിച്ചു.
മറുനാടന് മലയാളി ബ്യൂറോ