തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ വൈറലൽ ഡാൻസ് സംബന്ധിച്ച് എസ്ഡിപിഐയുടെ പേരിൽ പ്രചരിപ്പിക്കുന്നത് വ്യാജ പോസ്റ്ററെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ. ഏത് വിഷയത്തിലും പോസ്റ്റർ തയ്യാറാക്കുവാനുള്ള ആളും സംവിധാനവും എസ്ഡിപിഐക്കുണ്ട്. ആ പണിയൊന്നും എതിരാളികൾ ചെയ്ത് സഹായിക്കേണ്ടതില്ല. പാർട്ടി അംഗീകരിച്ച് പുറത്ത് വിടുന്ന പോസ്റ്ററുകളും പോസ്റ്റുകളും എസ്ഡിപിഐയുടെ ഔദ്യോഗിക പേജിൽ വരുന്നവ മാത്രമായിരിക്കുമെന്നും ചില കേന്ദ്രങ്ങൾ ദുരുദ്ദേശപൂർവ്വം പടച്ചു വിടുന്ന സൃഷ്ടികളിൽ കുരുങ്ങി അനാവശ്യ ചർച്ചകൾക്ക് തല വെച്ച് കൊടുക്കരുതെന്നും തുളസീധരൻ പള്ളിക്കൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം:

തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികൾ നടത്തിയ ഡാൻസ് സംബന്ധിച്ച് എസ്ഡിപിഐയുടെ പേരിൽ ഏതോ ഒരാൾ ഒരു പോസ്റ്റർ തയ്യാറാക്കി പ്രചരിപ്പിക്കുകയും അതേറ്റെടുത്ത് സോഷ്യൽ മീഡിയയിൽ ചർവ്വിത ചർവ്വണം നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. ആദ്യമേ പറയട്ടെ, ഏത് വിഷയത്തിലും പോസ്റ്റർ തയ്യാറാക്കുവാനുള്ള ആളും സംവിധാനവും എസ്ഡിപിഐക്കുണ്ട്. ആ പണിയൊന്നും എതിരാളികൾ ചെയ്ത് സഹായിക്കേണ്ടതില്ല.
പാർട്ടി അംഗീകരിച്ച് പുറത്ത് വിടുന്ന പോസ്റ്ററുകളും പോസ്റ്റുകളും എസ്ഡിപിഐയുടെ ഔദ്യോഗിക പേജിൽ വരുന്നവ മാത്രമായിരിക്കുമെന്നും ചില കേന്ദ്രങ്ങൾ ദുരുദ്ദേശപൂർവ്വം പടച്ചു വിടുന്ന സൃഷ്ടികളിൽ കുരുങ്ങി അനാവശ്യ ചർച്ചകൾക്ക് തല വെച്ച് കൊടുക്കരുതെന്നും പാർട്ടിയെ സ്‌നേഹിക്കുന്ന മുഴുവൻ സഹോദരീ സഹോദരന്മാരെയും ഉണർത്തുകയാണ്.

ഏത് വിഷയത്തിന്റെയും സാമൂഹ്യ, രാഷ്ട്രീയ പ്രധാന്യവും പ്രത്യാഘാതങ്ങളും കണക്കിലെടുത്തു കൊണ്ട് മാത്രമേ പാർട്ടി പ്രതികരിക്കാറുള്ളൂ. ഫാഷിസത്തോടും സംഘ് പരിവാർ പടച്ചുണ്ടാക്കുന്ന പൊതുബോധങ്ങളോടും കട്ടക്ക് നിൽക്കുന്ന ഒരു പാർട്ടി എന്ന നിലക്ക് എസ്ഡിപിഐയുടെ പ്രതികരണങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇത് ദുരുപയോഗം ചെയ്യുവാനും പാർട്ടി അനുഭാവികളെ ആശയക്കുഴപ്പത്തിലാക്കുവാനും ചിലർ ശ്രമിക്കാറുമുണ്ട്. ഈ പ്രവണത ഇയ്യിടെയായി വർധിച്ചു വരുന്നു. പാർട്ടിയെ അപകീർത്തിപ്പെടുത്തുവാൻ ഉദ്ദേശിച്ച് കൊണ്ട് നിരവധി പ്രചരണങ്ങളാണ് വ്യാജ ഐഡികളുപയോഗിച്ച് സംഘീ കേന്ദ്രങ്ങൾ നടത്തുന്നത്. ഒറ്റപ്പാലം വായില്യാംകുന്നിൽ നടക്കുന്ന സിനിമാ ഷൂട്ടിങ് ബിജെപി പ്രവർത്തകർ തടസ്സപ്പെടുത്തിയ വാർത്ത ചാനലുകളിൽ വന്ന ഉടൻ അത് എസ്ഡിപിഐക്ക് മേൽ ചാർത്തി കൊണ്ടുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രചരിച്ചു. നിലമ്പൂരിലുള്ള എസ്ഡിപിഐക്കാർ വായില്യാംകുന്ന് കാവിൽ വന്ന് മതവികാരം വൃണപ്പെടുത്തിയെന്ന കല്ലുവെച്ച നുണയാണ് പ്രചരിപ്പിച്ചത്.

എസ്ഡിപിഐയുടെ രാഷ്ട്രീയ പ്രസക്തി വർധിക്കുന്നതിനനുസരിച്ച് എതിരാളികൾ പ്രകോപിതരാകുമെന്നുറപ്പാണ്. എന്നാൽ വ്യാജ പ്രചാരണങ്ങൾ കൊണ്ട് ഊതി കെടുത്താനാകാത്ത പ്രകാശമായി എസ്ഡിപിഐ രാജ്യത്ത് പ്രസരിക്കുക തന്നെ ചെയ്യും.

തുളസീധരൻ പള്ളിക്കൽ
സംസ്ഥാന ജനറൽ സെക്രട്ടറി
എസ്ഡിപിഐ