തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധം ഇതിനെതിരെ ഉയരുന്നുണ്ട്. മലയാളം സൈബർ ലോകത്തും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഗൗരിയുടെ കൊലപാതകത്തിന് പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന വിധത്തിൽ അൽപ്പം മുൻധാരണയോടെയാണ് ചർച്ചകളും. കൽബുർഗിയെയും പൻസാരയെയും കൊലപ്പെടുത്തിയ അതേശക്തികളാണ് കൊലയ്ക്ക് പിന്നിലെന്നും മലയാളം സൈബർ ലോകം പറയുന്നു.

സംഘപരിവാർ ശക്തികളാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത് എന്നതിനാൽ തന്നെ എതിർക്കാൻ രംഗത്തുള്ളവരുടെ കൂട്ടത്തിൽ മുന്നിലുള്ളത് എസ്ഡിപിഐക്കാരുമാണ്. ഇങ്ങനെ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ഇറക്കിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 'എഴുത്തുകാരന്റെ കഴുത്ത് ഞെരിക്കുമ്പോൾ അക്ഷരങ്ങൾ അലമുറയിടുന്നു' എന്നു പറഞ്ഞു കൊണ്ടാണ് എസ്ഡിപിഐയുടെ പ്രതിഷേധ പോസ്റ്റർ.

എസ്ഡിപിഐക്കാർ സ്വയം ട്രോളിയതാണോ എന്ന് ചോദിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ ഇതിനോട് പ്രതികരിച്ചത്. കാരണം തൊടുപുഴയിൽ പാഠപുസ്തകത്തിന്റെ പേരിൽ ജോസഫ് മാഷിന്റെ കൈവെട്ടിയത് ഇക്കൂട്ടരായിരുന്നു. ഇക്കാര്യം ഓർമ്മിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പലരും ഫേസ്‌ബുക്ക് പോസ്റ്റിനോട് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ പലരും ചോദിച്ചത് കൈവെട്ടുമ്പോൾ ആരും അലമുറയിടാറില്ലേ എന്നായിരുന്നു.

ജോസഫ് മാഷിന്റെ കൈവെട്ടിയ കേസ് മലയാളികൾ ഒറ്റക്കെട്ടായി അപലപിച്ച സംഭവമായിരുന്നു. പ്രവാചകനിന്ദ ആരോപിച്ചായിരുന്നു പോപ്പുളർ ഫ്രണ്ടുകാർ അദ്ദേഹത്തിന്റെ കൈവെട്ടിയത്. അന്ന് കൈവെട്ടിയവർ 'എഴുത്തുകാരന്റെ കഴുത്ത് ഞെരിക്കുമ്പോൾ അക്ഷരങ്ങൾ അലമുറയിടുന്നു' എന്ന പോസ്റ്ററുമായി രംഗത്തെത്തിയതിന് പരാഹസ്യ ശരങ്ങളാണ് സോഷ്യൽ മീഡിയയിൽ.