തിരുവനന്തപുരം: നോട്ട് പരിഷ്‌കരണം ഏർപ്പെടുത്തിയപ്പോൾ ജനങ്ങൾക്ക് ദുരിതമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതിൽ പരാജയപ്പെട്ട നരേന്ദ്രമോദി പ്രധാനമന്ത്രി പദം രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാളെ (15 ചൊവ്വ) പ്രതിഷേധദിനം ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അറിയിച്ചു. 

രാത്രി വൈകിയുള്ള പ്രഖ്യാപനത്തോടൊപ്പം ബാങ്കുകളും എ.ടി.എമ്മുകളും അടഞ്ഞുകിടക്കുമ്പോൾ ജനങ്ങൾ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്ര സർക്കാർ പാടേ അവഗണിക്കുകയായിരുന്നു. ആവശ്യത്തിന് ചെറിയ നോട്ടുകൾ ലഭ്യമാക്കാത്തത് കാരണം റെയിൽവേ, കെ.എസ്.ആർ.ടി.സി തുടങ്ങിയവയിൽ പിൻവലിച്ച നോട്ടുകൾ സ്വീകരിക്കുമെന്ന പ്രഖ്യാപനം അർഥരഹിതമായി.

വയോധികരും കൈക്കുഞ്ഞുങ്ങളുള്ള സ്ത്രീകളുമടക്കം പണം മാറിക്കിട്ടുന്നതിന് മണിക്കൂറുകളോളം ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിന്ന് പ്രയാസപ്പെടുമ്പോൾ രാജ്യസ്നേഹത്തിന്റെ മേമ്പൊടി ചേർത്ത് എല്ലാം സഹിക്കണമെന്ന് ഉപദേശിക്കുന്നതല്ല പ്രധാനമന്ത്രിയുടെ ജോലി. തീരുമാനമെടുത്തത് വേണ്ടത്ര ആലോചിച്ച ശേഷമാണെന്ന സർക്കാർ വാദം തെറ്റാണെന്ന് ഇത് തെളിയിക്കുന്നു.

നവംബർ 8ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ ഏഴ് മാസം മുമ്പ് ഗുജറാത്തിലെ ഒരു പത്രത്തിൽ വാർത്തയായി വന്നതും ഒരാഴ്ചക്കുള്ളിൽ ബിജെപി പശ്ചിമബംഗാൾ ഘടകം കോടിക്കണക്കിന് രൂപ പാർട്ടി അക്കൗണ്ടിൽ നിക്ഷേപിച്ച സംഭവവും ദുരൂഹതയുണ്ടാക്കുന്നതും അതീവ രഹസ്യമായ നടപടിയെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിക്കുന്നതുമാണ്.

പഴയ നോട്ടുകൾ മാറിയെടുക്കുന്നതിനുള്ള കാലാവധി നിലവിലുള്ള സാമ്പത്തിക വർഷം പൂർത്തിയാകുന്ന മാർച്ച് 31 വരെ നീട്ടണമെന്നും ഇക്കാലയളവിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും അവയുടെ വിനിമയം അനുവദിക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.