- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എം പി സ്ഥാനം രാജിവച്ച കുഞ്ഞാലിക്കുട്ടിയെ ബഹിഷ്ക്കരിക്കണം; മന്ത്രിസ്ഥാനം സ്വപ്നം കണ്ടുള്ള വരവ് തിരിച്ചറിയണം; കുഞ്ഞാലിക്കുട്ടിയുടെ വീടിന് മുന്നിൽ 'അധികാരത്തിന്റെ ചക്കരക്കുടം' പൊട്ടിച്ച് പ്രതിഷേധം; എതിർപ്പുമായി രംഗത്തിറങ്ങിയത് കുഞ്ഞാലിക്കുട്ടിക്ക് രഹസ്യവോട്ട് ചെയ്തെന്ന് സിപിഎം ആരോപിക്കുന്ന സംഘടന തന്നെ
മലപ്പുറം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിസ്ഥാനം സ്വപ്നം കണ്ട് എം പി സ്ഥാനം രാജിവച്ച പികെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് എസ്ഡിപിഐ. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ പ്രാദേശിക തലത്തിൽ പ്രതിഷേധ പ്രകടനം നടത്തിയതോടൊപ്പം പ്രതീകാത്മകമായി അധികാരത്തിന്റെ ചക്കരക്കുടം പൊട്ടിച്ചും പ്രതിഷേധിച്ചു. കാരാത്തോട് കുഞ്ഞാലിക്കുട്ടിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധത്തിന് എസ്.ഡി.പി.ഐ നേതാക്കളായ പി.കെ അബൂബക്കർ, പാങ്ങാട്ട് നിസാൻ , എൻ.എം മുഹമ്മദ്, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ എ.പി മുഹമ്മദ് കുട്ടി,മൊയ്തീൻ , സൈനുദീൻ ഒ.സി, മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
വൻ പൊലീസ് സന്നാഹമാണ് പ്രതിഷേധക്കാരെ നേരിടാൻ വസതിക്ക് മുന്നിൽ നിലയുറപ്പിച്ചത്. ഫാസിസത്തെ പ്രതിരോധിക്കാനെന്ന പേരിൽ വോട്ട് വാങ്ങി ഡൽഹിയിലെത്തിയ കുഞ്ഞാലിക്കുട്ടിയുടെ ഉള്ളിലിരിപ്പ് വീണ്ടും യുപിഎ ഗവൺമെന്റ് അധികാരത്തിൽ വരുമെന്നും തന്റെ മുൻഗാമി ഇ.അഹമ്മദ് അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങൾ തനിക്കും ലഭ്യമാകുമെന്നായിരുന്നു. എന്നാൽ മോദി അധികാരത്തിൽ വന്നതോടെ നിർണായക സമയങ്ങളിൽ പോലും സഭയിൽ ഹാജരായില്ലെന്ന് മാത്രമല്ല ഏറ്റവും മോശം പാർലമെന്റേറിയൻ എന്ന ദുഷ്‌പേര് നേടുകയും ചെയ്തു. ഈ വഞ്ചന മലപ്പുറത്തെ ജനത തിരിച്ചറിയുമെന്നും പ്രതിഷേധത്തെ അഭിസംബോധന ചെയ്ത നേതാക്കൾ പറഞ്ഞു.
ഫാസിസത്തെ പ്രതിരോധിക്കാനും സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ദേശീയതലത്തിൽ കൂട്ടായ്മ തീർക്കാനുമെന്ന് പ്രഖ്യാപിച്ച് ലോക്‌സഭയിലേക്ക് പോയി അധികാരം ലഭിക്കാത്തതിൽ നിരാശനായി എംപി.സ്ഥാനം രാജിവെച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വിവിധ സ്ഥലങ്ങളിൽ അധികാരത്തിന്റെ ചക്കരക്കുടം പൊട്ടിച്ച് പ്രതിഷേധിച്ചത്.
അതേ സമയം ലോകസഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചപ്പോൾ എസ്.ഡി.പി.ഐയുടെ രഹസ്യപിന്തുണയുണ്ടായിരുന്നതായി നേരത്തെ മുതലെ എൽ.ഡി.എഫ് ആരോപിച്ചിരുന്നു. ഇതിന് പുറമെ കുഞ്ഞാലിക്കുട്ടിയും ചില ലീഗ് നേതാക്കളും എസ്.ഡി.പി.ഐ നേതാക്കളുമായി കൊണ്ടോട്ടിയിൽ രഹസ്യകൂടിക്കാഴ്‌ച്ച നടത്തിയതും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തങ്ങൾകൂടി വോട്ട്ചെയ്ത് വിജയിപ്പിച്ച സ്ഥാനാർത്ഥിയുടെ മടക്കവരവിൽപ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ ഇത്തരം പ്രക്ഷോഭങ്ങൾ നടത്തുന്നതെന്നാണ് സിപിഎം ആരോപണം.
ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗ് എസ്.ഡി.പി.ഐ നേതാക്കളുടെ കൂടിക്കാഴ്ച നടന്ന ലീഗ് നേതൃത്വത്തിന്റെ താൽപര്യപ്രകാരമാണെന്ന് തുറന്നടിച്ച് എസ്.ഡി.പി.ഐ രംഗത്തുവരികയും ചെയ്തിരുന്നു. ലീഗാണ് ഒരുമിച്ചിരിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പും ഇത്തരം ചർച്ചകൾ നടന്നിട്ടുള്ളതായും മജീദ് ഫൈസി പറഞ്ഞിരുന്നു.
എസ്.ഡി.പി.ഐയുമായി യാതൊരു സഹകരണവുമില്ലെന്നും അവരുടെ വോട്ട് വേണ്ടെന്നും ലീഗ് നേതൃത്വം ആവർത്തിക്കുന്നതിനിടയിൽ രഹസ്യമായ ഇടപാടുകൾ ഇരുകൂട്ടരും നടത്തുന്നതായും സിപിഎം ആരോപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത് കുഞ്ഞാലികുട്ടിയാണെന്ന സൂചനയും മജീദ് ഫൈസി പങ്ക് വെച്ചിരുന്നു. ഇരുപക്ഷവും തമ്മിലുള്ള ചർച്ചയ്ക്ക് കുഞ്ഞാലികുട്ടിക്ക് ഒപ്പം പങ്കാളിത്വം വഹിച്ച പി അബ്ദുൽ മജീദ് ഫൈസിയെ തന്നെ കുഞ്ഞാലികുട്ടിക്ക് എതിരെ മലപ്പുറത്ത് തെരഞ്ഞെടുപ്പ് പോരിലും രംഗത്തിറക്കിയെങ്കിലും കാര്യമായ പ്രചരണം നടത്താതെ കുഞ്ഞാലിക്കുട്ടിക്കു വോട്ടുമറിച്ചു നൽകിയതായും സിപിഎം ആരോപണം നിലനിൽക്കെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്.ഡി.പി.ഐ ചക്കരക്കുടം പൊട്ടിച്ച് പ്രതിഷേധം ആരംഭിച്ചത്. ഇന്നലെ പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ