കോഴിക്കോട്: മലബാറിലെ ഹർത്താലും തുടർന്നുണ്ടായ അക്രമങ്ങളും മലബാറിലെ ആയിരക്കണക്കിന് പേരുടെ ജീവിതമാണ് പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. അക്രമങ്ങളിൽ പങ്കെടുക്കാത്തവരെയും കത്വ വിഷയത്തിൽ പെൺകുട്ടിക്ക് ഐക്യദാർഢ്യമർപ്പിച്ച് ഹർത്താൽ ആഹ്വാനം നടത്തിയതിന് പിന്നിൽ ഗൂഢശക്തികൾ ഉണ്ടെന്ന് അന്വേഷണ ഏജൻസികൾ ഒരു പോലെ പറയുന്നു. ഇതോടെ ചുരുക്കത്തിൽ ജനകീയ ഹർത്താലെന്ന് പറഞ്ഞു നടത്തിയ ഹർത്താലിന്റെ പേരിൽ നിരവധി യുവാക്കൾ അറസ്റ്റിലായി.

ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നു പറയുന്ന പൊലീസ് പെൺകുട്ടിയുടെ ചിത്രവുമായി പ്രകടനം നടത്തിയവർക്കെതിരേ പോക്സോ നിയമപ്രകാരം കേസ് ചുമത്താനും തീരുമാനിച്ചതോടെ പരിഭ്രാന്തിയിലായത് മുന്നും പിന്നും നോക്കാതെ ഹർത്താലിന് വേണ്ടി എടുത്തുചാടിയ യുവാക്കളാണ്. പൊലീസ് നൽകുന്ന കണക്കുകൾ പ്രകാരം എസ്ഡിപിഐ, ലീഗ് പ്രവർത്തകരാണ് ഹർത്താലിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ഇക്കൂട്ടത്തിൽ സിപിഎം, കോൺഗ്രസ് പ്രവർത്തകരമുണ്ട്.

വർഗീയകലാപത്തിനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായാണ് ഹർത്താൽ ദിനത്തില് നടന്ന അക്രമ സംഭവങ്ങളെ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ഇന്റലിജൻസ് മേധാവി വിഷയത്തെക്കുറിച്ച് പരിശോധിക്കാൻ കേരളത്തിലെത്തി. ഇതോടെ അന്വേഷണ ഏജൻസികൾക്കെതിരെ തിരിഞ്ഞിരിക്കയാണ് എസ്ഡിപിഐ. ഹർത്താലിന്റെ പേരിൽ നടക്കുന്ന പൊലീസ് - ഇന്റലിജന്റ്‌സ് നടപടികളെ മുസ്ലിം വിരുദ്ധമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ശക്തമായി നടക്കുന്നത്.

വർഗീയ പടർത്തുന്ന മുദ്രാവാക്യങ്ങൾ വിളിച്ച് ആയിരങ്ങളാണ് മലബാറിൽ സമരത്തിന് ഇറങ്ങിയത്. ഇവരൊക്കെ ശരിക്കും നിയമകുരുക്കിൽ പെട്ടിരിക്കയാണ് ഇപ്പോൾ. മുഖ്യധാരാ മാധ്യമങ്ങൾ ചർച്ച ചെയ്തവസാനിപ്പിച്ചെങ്കിലും ഹർത്താൽ തന്നെയാണ് മലബാറിൽ ഇപ്പോഴും സജീവ ചർച്ചയായിരിക്കുന്നത്. മലബാറിൽ വലിയ ചർച്ചകൾ നടക്കുന്ന ഈ ഘട്ടത്തിൽ ഹർത്താൽ അതിക്രമത്തിന്റെ പേരിൽ നടപടി നേരിടുന്ന യുവാക്കളെ തങ്ങളുടെ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമമാണ് എസ്ഡിപിഐ നടത്തുന്നത്. അതിനയി കാശെറിഞ്ഞും അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് സംഘടനയുടെ നിലപാട്. ഇക്കാര്യം എസ്ഡിപിഐയുടെ സംസ്ഥാന പ്രസിഡന്റ് പി അബ്ദുമജീദ് ഫൈസി മറുനാടനോട് വ്യക്തമാക്കി.

ഹർത്താലിന്റെ പേരിൽ നിയമനടപടി നേരിടുന്ന എല്ലാവർക്കും നിയമസഹായം നൽകാനാണ് എസ്ഡിപിഐ തീരുമാനിച്ചിരിക്കുന്നത്. അതിൽ കക്ഷിരാഷ്ട്രീയ ഭേദമുണ്ടാകില്ല. ആർഎസ്എസ് അജണ്ടയാണ് സർക്കാർ നടപ്പാക്കുന്നതെന്നും കിട്ടിയ അവസരമുപയോഗിച്ച് മുസ്ലിംവേട്ട നടത്തുകയാണെന്നും അബ്ദു മജീദ് ഫൈസി പറഞ്ഞു. താനൂരിലെ ബേക്കറി കുത്തിത്തുറന്നതിൽ പിടിയിലായത് സിപിഐഎമ്മും ലീഗുകാരുമാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. അത് രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും എസ്ഡിപിഐ ആരോപിച്ചു.

പി അബ്ദുൽ മജീദ് ഫൈസി മറുനാടനോട് പറഞ്ഞത് ഇങ്ങനെ: കഴിഞ്ഞ പതിനാറാം തിയ്യതിയിലെ ജനകീയ ഹർത്താലിന്റെ പേരിൽ അറസ്റ്റിലാവുകയോ മറ്റേതെങ്കിലും തരത്തിൽ നിയമനടപടി നേരിടുകയോ ചെയ്ത ആളുകൾക്ക് ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്ന് പി അബ്ദുൽ മജീദ് ഫൈസി മറുനാടനോട് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ഇതുപോലൊരു നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. പൊലീസിന്റെ പരാജയമാണ് ഇതുപോലൊരു നിരോധനാജ്ഞ പ്രഖ്യാപിച്ചതിലൂടെ വ്യക്തമാകുന്നത്. അനാവശ്യമായ നിയമനടപടികളാണ് ഹർത്താലിന്റെ പേരിൽ നടക്കുന്നത്. ഹർത്താലിന് ഇറങ്ങിയവരാരും ഏതെങ്കിലും പാർട്ടികളുടെ ആഹ്വാനപ്രകാരമിറങ്ങിയവരല്ല. അവരെല്ലാം കത്വയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവരാണ്.

താനൂരിൽ കെ ആർ ബേക്കറിയിൽ ഉണ്ടായഅനിഷ്ടസംഭവങ്ങൾ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. എന്നാൽ അതിൽ ഉൾപെട്ടവരിൽ ഭൂരിഭാഗം ആളുകളും സിപിഎം, ലീഗ് പ്രവർത്തകരാണ്. അവരും പാർട്ടി നിർദ്ദേശാനുസരണം ഇറങ്ങിയവരായിരിക്കില്ല. എന്നാൽ അതിന്റെ പേരിലെല്ലാം നടക്കുന്ന നിയമനടപടികൾ അനാവശ്യാണ്. ഇത്തരത്തിൽ നടപടി നേരിടുന്ന ഇതര പാർട്ടി പ്രവർത്തകർക്കും ഒരു പാർട്ടിയിലും പെടാത്തവർക്കും ആവശ്യമെങ്കിൽ എസ്ഡിപിഐ സംഘടനാ തലത്തിൽ നിയമ സഹായം നൽകും. ഇപ്പോൾ നടക്കുന്ന അറസ്റ്റുകളും മറ്റുനടപടികളും മലബാറിൽ നടന്ന് കൊണ്ടിരിക്കുന്ന ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള നടപടിയുടെ ഭാഗമാണ്.

ദേശീയപാതാ സ്ഥലമേറ്റെടുപ്പിനെതിരെയുള്ള പ്രതിഷേധങ്ങളെയടക്കം അമർച്ച ചെയ്യാൻ വേണ്ടിയാണ് ഇപ്പോഴുള്ള തിരക്കുപിടിച്ച നടപടി. 19ന് എസ്ഡിപിഐ കോഴിക്കോട് നടത്താൻ ഉദ്ദേശിച്ചിരുന്ന റാലി നിരോധനാജ്ഞ പിൻവലിച്ചതിന് ശേഷം 30ന് നടക്കും. ഈ പരിപാടി നടത്താതിരിക്കാൻ വേണ്ടി കൂടിയാണ് തിരക്ക് പിടിച്ച് കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും ഫൈസി പറഞ്ഞു.

കേസിൽ കുടുങ്ങിയവർക്ക് നിയമസഹായം നൽകാനുള്ള തീരുമാനം എസ്ഡിപിഐക്ക് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുമെന്ന് കരുതുന്നവർ ഏറെയാണ്. നിലവിൽ നഷ്ടപരിഹാരത്തുക നൽകാനില്ലാതെയും വാട്ട്സപ്പ് ഗ്രൂപ്പുകളിൽ ഹർത്താൽ ആഹ്വാനം ഷെയർ ചെയ്തതിന്റെയും പേരിൽ നിരവധിപേർ കേസിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെയൊക്കെ സഹായിക്കാനുള്ള നീക്കം തീർച്ചയായും എസ്ഡിപിഐക്ക് പിന്തുണ വർധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. സംരക്ഷിക്കാൻ കെൽപ്പുള്ളവരാണ് തങ്ങൾ എന്ന് സ്ഥാപിക്കാലാണ് പ്രധാനമായും ഇതിലൂടെ എസ്ഡിപിഐ ലക്ഷ്യമിടുന്നത്.