തിരുവനന്തപുരം: ഡൽഹിയിൽ ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ മകനെയും ബന്ധുക്കളെയും കാണാനനുവദിക്കാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരവസ്ഥ നടപ്പാക്കാനാണ് നീക്കമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി.

സൈനികരുടെ ത്യാഗത്തെ പുകഴ്‌ത്തുന്ന നരേന്ദ്രമോദി വിമുക്ത ഭടന്മാരെ അവഗണിക്കുകയാണ്. ദീർഘകാലം രാജ്യത്തെ സേവിച്ച ജവാന്മാർക്ക് അവകാശങ്ങൾ ലഭ്യമാക്കുന്നതിന് ജീവൻ നഷ്ടപ്പെടുത്തി സമരം ചെയ്യേണ്ട ഗതികേടാണുള്ളത്.
പൊലീസിന്റെ എല്ലാ ചെയ്തികളെയും കണ്ണടച്ച് അംഗീകരിക്കുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ജീവനോടെ പിടികൂടാൻ ശ്രമിക്കാതെ ജയിൽച്ചാട്ടമാരോപിച്ച് ഭോപ്പാലിൽ എട്ട് മുസ്ലിം യുവാക്കളെ കൂട്ടക്കൊല ചെയ്തതിനെ അപലപിക്കാൻ തയ്യാറാവാത്ത കേന്ദ്ര ആഭ്യന്തര വകുപ്പ് വെടിവെയ്‌പ്പിനെ കുറിച്ച് അന്വേഷിക്കുകയില്ലെന്ന നിലപാടെടുക്കുകയും ചെയ്തു.

ജനാധിപത്യപരമായ പ്രതിഷേധങ്ങളോടും ഇടപെടലുകളോടും അസഹിഷ്ണുത കാണിക്കുന്ന പ്രധാനമന്ത്രി ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണെന്നും ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തുവരേണ്ടത് അനിവാര്യമാണെന്നും അബ്ദുൽ മജീദ് ഫൈസി പ്രസിതാവനയിലൂടെ അഭ്യർത്ഥിച്ചു.