കോഴിക്കോട്: സേവന നികുതി, വിദ്യാഭ്യാസ സെസ്സ് എന്നിവ വർദ്ധിപ്പിച്ചും, സ്വച്ച് ഭാരത് സെസ്സ്, കൃഷി കല്യാൺ സെസ്സ് തുടങ്ങിയ പുതിയ നികുതികൾ അടിച്ചേൽപ്പിച്ചും ഭരണം തുടങ്ങിയ മോദി കറൻസി റദ്ദ് ചെയ്തതിന് ശേഷം ഇന്ധനവില വർദ്ധനയിലൂടെ ജനങ്ങൾക്ക് ഇരുട്ടടി നൽകിയിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ പ്രസ്താവിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന റിസോഴ്സ് പേഴ്സൺ പഠനക്യാമ്പ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കറൻസി നിരോധനം ഒരു മാസം പിന്നിട്ടപ്പോൾ 12 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ സമ്പാദ്യം പിൻവലിക്കാൻ നിയന്ത്രണമേർപ്പെടുത്തിയതിലൂടെ ജനങ്ങളെ നയാപൈസയില്ലാത്തവരാക്കി കുത്തകകൾക്ക് രാജ്യം തീറെഴുതുകയാണ് മോദി ചെയ്യുന്നതെന്ന് തുളസീധരൻ പള്ളിക്കൽ കുറ്റപ്പെടുത്തി. മോദി പറഞ്ഞ 50 ദിവസം കഴിയുമ്പോൾ ചെറുകിട പരമ്പരാഗത തൊഴിൽ മേഖലകൾ തകർന്ന് വൻകിട വ്യാപാര ശൃംഖലകളുടെ മുന്നേറ്റത്തിന് വഴിതുറക്കുകയും സാധാരണ ജനത പെരുവഴിയിലാവുകയും ചെയ്യും. ഇതിനെതിരെയുള്ള ജനകീയ മുന്നേറ്റത്തിന് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. അജ്മൽ ഇസ്മയിൽ, റോയ് അറക്കൽ, എ.കെ അബ്ദുൽ മജീദ്, പി. അബ്ദുൽ ഹമീദ്, നാസറുദ്ദീൻ എളമരം, സി.ടി സുലൈമാൻ, മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു.