കോഴിക്കോട്: വിമാന കമ്പനികളുടെ മാതൃകയിൽ ബുക്കിങ് വർധിക്കുന്നതിനനുസരിച്ച് കൂടിയ ടിക്കറ്റ് ചാർജ്ജ് ഈടാക്കുന്ന ഫ്ളക്സി ഫെയർ സംവിധാനം റെയിൽവേയുടെ പകൽക്കൊള്ളയാണെന്നും ഇത് നടപ്പിലാക്കരുതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. 10 ശതമാനം സീറ്റുകൾ ബുക്കു ചെയ്ത് കഴിഞ്ഞാൽ ടിക്കറ്റ് ചാർജ് 10 ശതമാനം വർധിക്കുകയും തുടർന്ന് ഓരോ 10 ശതമാനം സീറ്റിലും ഇത്തരത്തിൽ നിരക്ക് കൂടികൊണ്ടിരിക്കുകയും ചെയ്യും. ഫലത്തിൽ ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ ചാർജ്ജിനേക്കാൾ 50 ശതമാനം ഉയർന്ന നിരക്ക് നൽകേണ്ടിവരും. അധിവേഗ ട്രെയിനുകളിൽ ആരംഭിക്കുന്ന ഈ സംവിധാനം മറ്റുള്ളവയിലേക്കും വ്യാപിപ്പിക്കുമെന്നതിൽ സംശയമില്ല. അവധി, ആഘോഷവേളകളിൽ ജനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിന് പകരം അവരുടെ മേൽ അധികഭാരം കെട്ടിയേൽപ്പിച്ച് ലാഭമുണ്ടാക്കുന്ന മോദി സർക്കാരിന്റെ നയം മുതലാളിത്ത സംസ്‌കാരമാണ്.

സാധാരണക്കാരുടെ ആശ്രയമായ റെയിൽവേ സംവിധാനം അവർക്ക് അന്യമാക്കുന്ന ഈ തീരുമാനത്തിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അബ്ദുൽ മജീദ് ഫൈസി പ്രസ്താവനയിലൂടെ അറിയിച്ചു.

യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫ്‌ലെക്‌സി ഫെയർ സമ്പ്രദായം റെയിൽവേയിൽ നടപ്പാക്കരുത് - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫ്ളക്സി ഫെയർ സമ്പ്രദായം റെയിൽവേയിൽ നടപ്പാക്കരുതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിൽ പരീക്ഷണാർത്ഥമെന്ന പേരിൽ തുടങ്ങി എല്ലാ തീവണ്ടികളിലും ഈ രീതി ഏർപ്പെടുത്താനാണ് മോദി സർക്കാറിന്റെ ശ്രമം. അങ്ങനെ വന്നാൽ ആദ്യ പത്തു ശതമാനം യാത്രക്കാർക്ക് മാത്രമാകും ഇനി യഥാർത്ഥ നിരക്കിൽ യാത്ര ചെയ്യാനാകുക. ഫലത്തിൽ തീവണ്ടി യാത്രാ നിരക്ക് ഒന്നര ഇരട്ടിയിലേറെ വർദ്ധിക്കുകയാകും ചെയ്യുക. വിമന കമ്പനികൾ യാത്രക്കാരെ ചൂഷണം ചെയ്യാനുപയോഗിക്കുന്ന അതേ രീതി തന്നെ റെയിൽവേയും സ്വീകരിക്കുന്നത് അത്യന്തം ജനവിരുദ്ധമാണ്. രാജ്യത്തെ സാധാരണക്കാരന്റെ യാത്രയെന്ന അവകാശത്തെ സാമ്പത്തിക ചൂഷണോപാധിയാക്കിമാറ്റാനുള്ള ശ്രമത്തിൽ നിന്ന് മോദി സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.