തിരുവനന്തപുരം: രണ്ട് വർഷത്തിനുള്ളിൽ ഗെയിൽ പൈപ്പ്ലൈൻ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വോട്ട് ചെയത് അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം.അഷ്റഫ്.

മുഖ്യമന്ത്രി പദം ഏറ്റെടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ജനങ്ങളുടെ ആശങ്കയും ഭയപ്പാടും പരിഗണിക്കാതെ കുത്തകകൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന നിലപാടെടുത്ത കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ നിന്നും കേന്ദ്രത്തിലെ ബിജെപി സർക്കാരിൽ നിന്നും ഒട്ടും ഭിന്നമല്ല തങ്ങളെന്ന് സ്ഥാപിക്കുകയാണ് ഇടതുപക്ഷ സർക്കാർ. ജനങ്ങളുടെ ജീവന് ഗുരുതരമായ ഭീഷണിയുയർത്തുന്ന ഗെയിൽ പൈപ്പ്ലൈൻ പദ്ധതി ജനവാസ മേഖലകളെ ഒഴിവാക്കി മതിയായ സുരക്ഷ ക്രമീകണങ്ങൾ പാലിക്കുമെന്ന് ഉറപ്പാക്കി ജനങ്ങളുടെ ആശങ്ക അകറ്റേണ്ടതിന് പകരം ഗെയിലിന്റെ താൽപര്യങ്ങൾ നടപ്പിൽ വരുത്താനാണ് മുഖ്യമന്ത്രി തിടുക്കം കാണിക്കുന്നത്. ഗെയിലിന്റെ 43 ശതമാനം ഷയറിന്റെയും ഉടമസ്ഥത ടാറ്റക്കും റിലയൻസിനുമാണെന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഇത്രയും തിടുക്കം കാണിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ഭയാശങ്ക അകറ്റാതെ സർക്കാറിന്റെ ധൃതി പിടിച്ചുള്ള തീരുമാനത്തിനെതിരേ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.