തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്‌കൊണ്ടുവരാൻ സർക്കാർ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെഎം അഷ്‌റഫ്.

2002 ജൂലൈയിലാണ് സ്വാമി ശാശ്വതീകാനന്ദ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. പെരിയാറിൽ കുളിക്കാനിറങ്ങിയ സ്വാമി മുങ്ങിമരിച്ചു എന്നായിരുന്നു പുറത്തുവന്ന വിവരം. അന്നുതന്നെ മരണത്തെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് സംശയങ്ങൾ ഉയർന്നിരുന്നു. ഇന്ന് സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്ന പലരും 2003 ജൂണിൽ ശ്വാശതീകാനന്ദയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ അതിനോട് നിഷേധാത്മക സമീപനം സ്വീകരിച്ചവരാണ്. സ്വാമി മരണപ്പെട്ട് 12  വർഷത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത് കേസന്വേഷണം നീട്ടികൊണ്ടുപോയതിൽ തന്നെ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്. മരണസമയത്ത് സ്വാമിയുടെ കൂടെയുണ്ടായിരുന്ന സഹായി സാബുവിനെ നുണപരിശോധന നടത്താൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും സാബു സുപ്രീംകോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങുകയാണ് ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാബുവിന് സുപ്രീംകോടതിയിൽ പോകുന്നതിന് സാമ്പത്തിക സഹായം നൽകിയത് ആരാണ് എന്നതിനെക്കുറിച്ചും ദുരൂഹത നിലനിൽക്കുകയാണ്.

ശിവഗിരിമഠവും ശാശ്വതീകാനന്ദയുടെ കുടുംബവും ഉൾപ്പെടെ പലരും സ്വാമിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സത്യസന്ധമായ ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മോൽ നോട്ടത്തിൽ കുറ്റമറ്റ രീതിയിൽ പുനരന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാൻ തയ്യാറാവണം, പുതിയ സാഹചര്യത്തിൽ സിബിഐ അന്വേഷണം വീണ്ടും കുറ്റവാളികൾക്ക് രക്ഷപെടാൻ വഴിയൊരുക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.