- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസ്സിന്റെ ക്രൈസ്തവ വേട്ട: സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും എന്ന് എസ്ഡിപിഐ; കോട്ടയത്ത് ബുധനാഴ്ച പ്രതിഷേധ സംഗമം
തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിനെതിരേ വർധിച്ചുവരുന്ന സംഘപരിവാര ആക്രമണത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. ക്രൈസ്തവർക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കോട്ടയത്ത് ബുധനാഴ്ച (ഡിസംബർ 29) വൈകീട്ട് നാലിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പ്രതിഷേധ സംഗമത്തിൽ സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിക്കും. കൂടാതെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള അക്രമങ്ങളാണ് ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ രാജ്യത്ത് അരങ്ങേറിയത്. ബിജെപി ഭരിക്കുന്ന യു.പി, ഹരിയാന, അസം, കർണാടക സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്കെതിരായ കൂടുതൽ സംഘടിത ആക്രമണങ്ങളുണ്ടായത്. ക്രൈസ്തവ ദേവാലയങ്ങളിൽ കടന്നുകയറി പ്രാർത്ഥനയും ക്രിസ്മസ് ആഘോഷങ്ങളും തടസ്സപ്പെടുത്തുകയും കരോളുകൾ തടയുകയും ചെയ്തു. കർശന സുരക്ഷ സംവിധാനങ്ങളുള്ള അംബാല കൻേറാൺമെന്റ് ഏരിയയിലെ ദേവാലയത്തിൽ കടന്നുകയറി ക്രിസ്തുവിന്റെ പ്രതിമ തകർത്തു.
മുസ്ലിംകളുടെ വെള്ളിയാഴ്ച നമസ്‌കാരം തുടർച്ചയായി തടസ്സപ്പെടുത്തിവന്ന ഗുരുഗ്രാമിൽ അതേ മാതൃകയിൽ തന്നെയാണ് ജയ്ശ്രീറാം വിളികളുമായി ക്രിസ്മസ് ആഘോഷം നടക്കുന്ന സ്‌കൂളിലേക്ക് അക്രമികൾ ഇരച്ചുകയറിയത്. കുരുക്ഷേത്രയിൽ ക്രിസ്മസ് ആഘോഷ വേദി കൈയേറി മൈക്കിലൂടെ ഹനുമാൻ ചാലിസ മുഴക്കി. പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന വാരാണസിയിലെ ചന്ദ്മറിയിൽ ക്രിസ്മസ് പ്രാർത്ഥന നടന്ന ആശ്രമത്തിനു മുന്നിൽ തടിച്ചുകൂടി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. മതപരിവർത്തനത്തിനുള്ള മറയാണ് എന്നാരോപിച്ച് സാന്താക്ലോസിനെതിരെ പ്രതിഷേധിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ബിജെപി സർക്കാരിന്റെ ഒത്താശയോടെ കർണാടകയിൽ അക്രമങ്ങൾ വ്യാപകമായിരിക്കുന്നു.
ക്രിസ്മസിന് ആഘോഷങ്ങളും നക്ഷത്ര വിളക്കുകളുമൊന്നും അനുവദിക്കില്ലെന്നും ഹിന്ദുത്വ സംഘങ്ങൾ കാലേകൂട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഇതുവരെ 21 സംസ്ഥാനങ്ങളിലായി മുന്നൂറോളം അക്രമങ്ങൾ ക്രൈസ്തവർക്കെതിരായി നടന്നതായി അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ സിവിൽ റൈറ്റ്സിന്റെ റിപ്പോർട്ട് പറയുന്നു. ആർഎസ്എസ് ഭരണഘടനയായ വിചാരധാര വ്യക്തമാക്കുന്ന ശത്രു പട്ടികയിലെ രണ്ടാമത്തെ വിഭാഗമാണ് ക്രൈസ്തവർ. ന്യൂനപക്ഷങ്ങൾക്കെതിരേ വ്യാപകമായി സംഘടിത അക്രമങ്ങൾ ഉണ്ടാവുമ്പോഴും സർക്കാരുകൾ ക്രിയാൽമകമായി ഇടപെടാനോ പ്രതികൾക്കെതിരേ നിയമനടപടി സ്വീകരിക്കാനോ തയ്യാറാവാത്തത് ആശങ്കാജനകമാണെന്നും റോയ് അറയ്ക്കൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ