തിരുവനന്തപുരം: ബാർ കോഴക്കേസിൽ കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഇനിയും മന്ത്രി പദത്തിൽ കടിച്ച് തൂങ്ങുന്നത് ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണ്. കെ.എം മാണിയും മാണിയെ സംരക്ഷിക്കുന്ന ഉമ്മൻ ചാണ്ടിയും രാജിവച്ച് ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറവണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്‌റഫ്.
നിയമ വ്യവസ്ഥയേയും ജനകീയ പ്രതിഷേധത്തേയും അവഗണിച്ചുകൊണ്ട് മന്ത്രി സ്ഥാനത്ത് തുടരുന്ന കെ.എം മാണി ജീർണിത രാഷ്ട്രീയത്തിന് ഉദാഹരണമാണ്. ബാർകോഴക്കേസിൽ ഖജനാവിൽ നിന്ന് ചിലവഴിച്ച മുഴുവൻ തുകയും മാണിയിൽ നിന്ന് തിരിച്ച് പിടിക്കണം. അഴിമതിയുടെ വിവരങ്ങൾ പുറത്തുവന്നിട്ടും മാണിയെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കാൻ കൂട്ടുനിന്ന മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാൻ ധാർമികമായ അവകാശമില്ല. മുഖ്യമന്ത്രി കെ.എം മാണിയെ ഭയപ്പെടുന്നുവെന്ന് തോനിപ്പിക്കുന്ന ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഭൂരിഭാഗവും മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവതെ ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിക്കുന്നത്. അഴിമതിക്കാരെപ്പോലെ അപകടകരമാണ് അവരെ സംരക്ഷിക്കുന്നത്. അതിനാൽ അഴിമതി ആരോപണം നേരിടുന്ന ധനകാര്യമന്ത്രിയും മാണിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രാജിവെക്കേണ്ടത് ജനാധിപത്യ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ അനിവാര്യമാണെന്നും അഡ്വ.കെ.എം അഷ്‌റഫ് പ്രസ്താവനയിലൂടെ പറഞ്ഞു.

മാണി ഉടൻ രാജിവെക്കണം:  ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ബാർകോഴ വിഷയത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് വിധേയനായ മന്ത്രി മാണി ഉടൻ രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. പൊതുഖജനാവിലെ പണം ചെലവഴിച്ച് കേസ് നടത്തി മന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കാണിക്കുന്ന വ്യഗ്രത ജനങ്ങൾ തിരിച്ചറിഞ്ഞു. നിയമത്തെ വെല്ലുവിളിച്ച് അധികാരത്തിൽ തുടരുവാനാണ് ശ്രമിക്കുന്നതെങ്കിൽ മന്ത്രിസഭ തന്നെ ഇല്ലാതാകുന്ന രീതിയിലുള്ള പ്രക്ഷോഭങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.