കോഴിക്കോട്: ജന ജീവിതം ദുസഹമാക്കുന്ന ഇന്ധന വില വർദ്ധനവിനെതിരേയുള്ള ജനവികാരത്തെ മാനിക്കാത്ത കേന്ദ്ര സർക്കാർ ജനാധിപത്യ ഇന്ത്യയുടെ ശാപമായി മാറുകയാണ്. തീരുവ കുറച്ച് ഇന്ധന വില നിയന്ത്രിക്കാത്ത പക്ഷം ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ജനം തെരുവിലിറങ്ങേണ്ടി വരുമെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) സംസ്ഥാന കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.

സമസ്ത മേഖലയിലും വേതനവും ശമ്പളവും വർദ്ധിപ്പിച്ച കേരള സർക്കാർ ഇന്ധന വില വർദ്ധനവും ഇൻഷ്വുറൻസ് പ്രീമിയം നാലിരട്ടിയായി വർദ്ധിപ്പിച്ചതു മൂലവും ദുരിതം അനുഭവിക്കുന്ന ഓട്ടോ-ടാക്സി തൊഴിലാളികളുടെ നിലനിൽപ്പിനു വേണ്ടി യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യം അംഗീകരിച്ച സർക്കാർ ഉറപ്പ് പാലിക്കാൻ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ ഒക്ടോബർ മാസത്തിൽ രണ്ടാംഘട്ട സമര പരിപാടികൾക്ക് എസ്.ഡി.റ്റി.യു തുടക്കം കുറിക്കും. സംസ്ഥാന പ്രസിഡന്റ് എ.വാസു അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് മംഗലശ്ശേരി, നിസമുദ്ധീൻ തച്ചോണം, പി.പി മൊയ്തീൻകുഞ്ഞ്, ഇ.എസ് ഖാജാ ഹുസൈൻ, അഷ്റഫ് ചുങ്കപ്പാറ തുടങ്ങിയവർ സംസാരിച്ചു.