കോഴിക്കോട്: ഇന്ധനവില വർദ്ധനവ് നിയന്ത്രിക്കുക! തൊഴിലാളി വിരുദ്ധ-ജനദ്രോഹ നടപടികൾ പിൻവലിക്കുക! എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്ത ട്രെയിൻ തടയൽ സമരത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നു.

രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നതിനോടൊപ്പം ജാതീയത സൃഷ്ടിച്ച് കലാപങ്ങൾ നടത്തുകയും, ആയുധ ഇടപാടിലൂടെ ലക്ഷം കോടികളുടെ അഴിമതി നടത്തുന്ന മോദി സർക്കാർ ജനാധിപത്യത്തെയും, മതേതരത്വത്തെയും മഹത്തായ ഇന്ത്യൻ ഭരണഘടനയെപ്പോലും വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് എ.വാസു പറഞ്ഞു.

കോഴിക്കോട് നടന്ന ട്രെയിൻ തടയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ബാബുമണി കരുവാരകുണ്ട്, ജില്ലാ പ്രസിഡന്റ് കബീർ തിക്കോടി, നിയാസ് കണ്ണൂർ, സലാം കൊണ്ടോട്ടി, ഫിർഷാദ് കമ്പിളിപറമ്പ്, സിദ്ദീഖ് ഈർപ്പോണ, ഗഫൂർ വെള്ളയിൽ അഭിവാദ്യമർപ്പിച്ചു.

ആലപ്പുഴ- തങ്ങൾ അധികാരത്തിൽ കയറിയാൽ 40 രൂപക്ക് പെട്രോളും പ്രതിവർഷം ഒരു കോടി തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്ത മോദി ഭരണം 5 വർഷം പൂർത്തീകരിക്കുമ്പോൾ പെട്രോൾ വില മൂന്ന് അക്കത്തോട് അടുക്കുകയാണ്. നോട്ട് നിരോധനത്തിലൂടെ മാത്രം 2.24 ലക്ഷം കമ്പനികൾ പൂട്ടി. 90 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. പൊതുമേഖലയും തൊഴിലിടങ്ങളും സ്വകാര്യവത്കരിക്കപ്പെടുന്ന മോദി സർക്കാരിനെതിരെയുള്ള തൊഴിലാളി വർഗ്ഗത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ തുടക്കമാണ് ഈ സമരമെന്ന് ആലപ്പുഴയിലെ ട്രെയിൻ തടയൽ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു. സംസ്ഥാന സമിതിയംഗം പി.പി മൊയ്തീൻകുഞ്ഞ്. എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി എം.സാലിം, നവാസ് കായംകുളം, ഫസൽ റഹ്മാൻ, മുഹമ്മദ് സാലി, ഷാജിർ കോയമോൻ, അൻസാർ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.

തിരുവനന്തപുരം- സംസ്ഥാന സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇസ്മായിൽ കമ്മന, സംസ്ഥാന സമിതിയംഗം അഷ്റഫ് ചുങ്കപ്പാറ, എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി സലാം, ജലീൽ കരമന, ഷാജഹാൻ കുന്നംപുറം, റിയാഷ് കുമ്മണ്ണൂർ, നിസാർ പരുത്തിക്കുഴി എന്നിവർ അഭിവാദ്യമർപ്പിച്ചു.