കോഴിക്കോട്: പൊതുമേഖലയെ സംരക്ഷിക്കുക വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും സൃഷ്ടിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുക, മിനിമം വേതനം 18000 രൂപയാക്കുക എല്ലാവർക്കും പെൻഷൻ നൽകുക, തൊഴിൽ നിയമ ഭേതഗതി പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സെപ്റ്റംബർ 2 ന് ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന കൗൺസിൽ യോഗം അഭ്യർത്ഥിച്ചു.

പൊതുമേഖലയെ സ്വകാര്യവൽകരണത്തിലൂടെ കുത്തക-കോർപ്പറേറ്റ് ഭീമന്മാർക്ക് തീറെയുതാനുള്ള കേന്ദ്രസർക്കാർ നടപടി നിലവിലെ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതാണ്. അധ്വാനിക്കുന്ന വർഗം സംഘടന സമര പോരാട്ടത്തിലൂടെ നേടിയെടുത്ത 8 മണിക്കൂർ തൊഴിൽ എന്ന അടിസ്ഥാന നിയമത്തെപ്പോലും കാറ്റിൽപറത്തി 10 ഉം 12 ഉം മണിക്കൂർ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കാനുള്ള അധികാരം മുതലാളിമാർക്ക് പതിച്ച് നൽകുന്നതിലൂടെ സമസ്ത മേഖലയിലേയും തൊഴിലാളികളെ വീണ്ടും അടിമത്വത്തിന്റെ പാതയിലേക്ക് താത്തിവിടുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്ന് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എ.വാസു അദ്ധ്യക്ഷത വഹിച്ചു. എം. ഫാറൂഖ്, നൗഷാദ് മംഗലശ്ശേരി, അഡ്വ. എ.എ റഹീം, ഇസ്മായിൽ കമ്മന, നിസാമുദ്ദീൻ തച്ചോണം തുടങ്ങിയവർ പ്രസംഗിച്ചു.