കോഴിക്കോട്: ഇൻഷ്വുറൻസ് പ്രീമിയം 50 ശതമാനത്തിലേറെ കൂട്ടിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന പൊതു പണിമുടക്കിനെ സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) പിന്തുണക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു.

2013 മുതൽ 2017 വരെയുള്ള കാലത്തെ ഇൻഷ്വുറൻസ് പ്രീമിയ വർദ്ധനവ് പരിശോദിച്ചാൽ 150 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ചരക്കു വാഹനത്തിന് ഓട്ടം ലഭിച്ചാലും ഇല്ലെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഒരു ദിവസം 125 രൂപ വീതം ഇൻഷ്വുറൻസിനു മാത്രമായി മാറ്റിവെക്കേണ്ട ഗതികേടിലാണ് ഈ മേഖലയിലെ തൊഴിലാളികൾ.

അഭ്യസ്തവിദ്യരും, തൊഴിൽ രഹിതരുമായ രാജ്യത്തെ കോടികണക്കിന് ആളുകൾക്ക് തൊഴിൽ സംരക്ഷണ പോലും നൽകാൻ കഴിയാത്ത സാർക്കാരുകൾ മോട്ടോർ വാഹന രംഗത്ത് സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്ന ഉടമകളെയും, ജീവനക്കാരെയും ഇല്ലായ്മ ചെയ്തുകൊണ്ട് കോർപ്പറേറ്റുകൾക്ക് അവസരം ഒരുക്കുകയാണ്. ഇതിനെതിരേ മുഴുവൻ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഐക്യവും, ഒന്നിച്ചുള്ള പോരാട്ടവും അനിവാര്യമാണെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എ.വാസു അദ്ധ്യക്ഷത വഹിച്ചു. പി.അബ്ദുൽ ഹമീദ്, നൗഷാദ് മംഗലശ്ശേരി, തച്ചോണം നിസ്സാമുദ്ദീൻ, അഡ്വ.എ.എ റഹീം, ഇസ്മായിൽ കമ്മന എന്നിവർ പ്രസംഗിച്ചു.